തിരുവനന്തപുരം: മുതലപ്പൊഴി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന സർക്കാർ വിശദമായ പദ്ധതിരേഖ സമർപ്പിച്ചാൽ ഉടൻ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. ആവർത്തിക്കുന്ന ദുരന്തങ്ങളിൽ നിരവധി മനുഷ്യജീവനുകൾ പൊലിയുന്ന മുതലപ്പൊഴി ഹാർബറിൽ സുരക്ഷിതത്വ നടപടികൾ കൈക്കൊള്ളുന്നതിന് ഇനിയും കാലതാമസം അരുതെന്ന് മന്ത്രിയോട് അഭ്യർത്ഥിച്ചു.
മുതലപ്പൊഴിയിലെ പ്രശ്നം ഗൗരവത്തിൽ എടുത്തിട്ടുണ്ടെന്നും മേഖലയിലെ വിദഗ്ധരുമായി ഈ വിഷയത്തിൽ ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തുനിന്നും പദ്ധതിരേഖ ലഭിച്ചതിനു ശേഷം ജനപ്രതിനിധികളും മത്സ്യത്തൊഴിലാളികളും ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച നടത്തി സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
2019 മുതൽ നിരവധി തവണ പാർലമെന്റിലും ഫിഷറീസ് മന്ത്രാലയവുമായി ബന്ധപ്പെട്ടും മുതലപ്പൊഴിയിലെ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ശാസ്ത്രീയ പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും പതിവ് പ്രഖ്യാപനങ്ങളല്ലാതെ ആത്മാർത്ഥമായ നടപടികൾ ഉണ്ടാവുന്നില്ല.
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന സ്കീമിൽ സംസ്ഥാനം സമർപ്പിച്ച 50 കോടി രൂപയുടെ പ്രൊപ്പോസൽ അപര്യാപ്തമെന്നു പറഞ്ഞ് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രസർക്കാർ മടക്കി നൽകിയിരുന്നു. ഹാർബർ സുരക്ഷിതത്വത്തിന് ഊന്നൽ നൽകി പുതുക്കിയ റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്.