തിരുവനന്തപുരം: ചെമ്പഴന്തി അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സംഘത്തിന് മുമ്പില്‍ മൃതദേഹവുമായി പ്രതിഷേധം. ചെമ്പഴന്തി സ്വദേശി ബിജു കുമാറിന്റെ ആത്മഹത്യയെ തുടർന്നാണ് പ്രതിഷേധം. ചിട്ടി പിടിച്ച പണം നല്‍കാത്തതിനാലാണ് ബിജുകുമാര്‍ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി. സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിനെതിരെയാണ് ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്.
സഹകരണ സംഘം പ്രസിഡന്റും ബിജുകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും രണ്ട് ലക്ഷം രൂപയോളമുള്ള പണം തിരികെ തരാൻ ഉണ്ടായിരുന്നുവെന്നുമാണ് അറിയുന്നത്. പണം തിരികെ ചോദിച്ചപ്പോള്‍ ബാങ്കിന്റെ പരാധീനതകള്‍ പറഞ്ഞ് ജയകുമാര്‍ ഒഴിഞ്ഞെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ബി ജെ പി പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വെച്ചാണ് ബിജു കുമാർ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്താമെന്ന് ആര്‍ടിഒ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.