തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച സംഭവത്തിൽ കുറ്റകാരൻ മുത്തച്ഛൻ അല്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വട്ടിയൂർക്കാവ് സ്വദേശിയായ മൂന്ന് വയസുകാരന്റെ ദേഹത്ത് മുത്തച്ഛൻ തിളച്ച ചായ ഒഴിച്ചുവെന്ന് ആരോപിച്ച് മുത്തച്ഛനായ മണ്ണന്തല സ്വദേശി ഉത്തമനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ അന്വേഷണത്തിൽ സംഭവം നടക്കുന്ന സമയം മുത്തച്ഛൻ വീട്ടിൽ ഇല്ലായിരുന്നുവെന്നും അടുത്തുള്ള വെയ്റ്റിംഗ് ഷെഡിങ് ആയിരുന്നുവെന്നുമാണ് അറിയുന്നത്. മുത്തച്ഛൻ ഉത്തമൻ സമീപത്തെ വെയിറ്റിങ് ഷെഡിൽ ഇരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുത്തച്ഛനെ പോലീസ് വിട്ടയച്ചിരുന്നു.
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം മുത്തച്ഛൻ അല്ല ഈ ക്രൂരത കുഞ്ഞിനോട് കാണിച്ചതെന്നാണ് അറിയുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത മുത്തച്ഛനെ ഇന്നലെ വൈകീട്ടോടെ വിട്ടയച്ചു.
എന്നാൽ കുട്ടിയുടെ ദേഹത്ത് ചായ വീണത് എങ്ങനെ എന്ന കാര്യത്തിൽ ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. കുട്ടിയുടെ ദേഹത്ത് അബദ്ധത്തിൽ ചായ വീണതാകാമെന്നാണ് നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ഈ മാസം 24 നായിരുന്നു സംഭവം നടന്നത്. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. കുട്ടിയെ അമ്മൂമ്മയെ ഏല്‍പ്പിച്ച് അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.