തിരുവനന്തപുരം: പട്ടയമില്ലാത്ത ഭൂമിയിൽ തർക്കങ്ങൾ ഒന്നുമില്ലാതെ വർഷങ്ങളായി കൃഷി ചെയ്യുന്ന ദീർഘകാലവിളകൾക്ക് നിബന്ധനകൾ പ്രകാരം പ്രകൃതിക്ഷോഭം കാരണമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന് പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവായതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. സംസ്ഥാനത്തുണ്ടായ കടുത്ത ഉഷണ തരംഗവും വരൾച്ചയും കണക്കിലെടുത്ത് മേൽ വിഭാഗത്തിൽപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുവാൻ കഴിയും വിധം എയിംസ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കുവാനുള്ള തീയതി ജൂലൈ 31 വരെ ദീർഘിപ്പിച്ചതായും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇടുക്കി ജില്ലയിൽ വനാതിർത്തിയോട് ചേർന്ന് പട്ടയം ഇല്ലാത്ത ഭൂമിയിൽ കുടിയേറ്റ കർഷകർ തലമുറകളായി ഏലം, കുരുമുളക്,കാപ്പി,കൊക്കോ, ജാതി മുതലായ ദീർഘകാലവിളകൾ കൃഷി ചെയ്തു വരുന്നതായും ഇക്കഴിഞ്ഞ കടുത്ത വരൾച്ചയിൽ ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായതായും വരൾച്ചയെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സമിതി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ പട്ടയം ഇല്ലാത്ത ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സാധിക്കാത്ത സാഹചര്യം നിലനിന്നിരുന്നതിനാൽ അത്തരം കർഷകരെ കൂടി പരിഗണിക്കണമെന്ന ആവശ്യം കൃഷിക്കാരുടെ ഇടയിൽ നിന്ന് തന്നെ ഉണ്ടായിരുന്നതായും ഇത് പരിഗണിച്ചാണ് ഇപ്പോൾ അനുകൂല ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നും മന്ത്രി സൂചിപ്പിച്ചു.
വനാതിർത്തിയോട് ചേർന്ന് പട്ടയം ലഭിച്ചിട്ടില്ലാത്ത ഭൂമിയിൽ കൃഷി ചെയ്യുന്ന ഹ്രസ്വകാല വിളകൾക്ക് നിബന്ധനകൾ പ്രകാരം ഇൻഷുറൻസ് പദ്ധതിയുടെയും കൃഷിവകുപ്പിന്റെ മറ്റ് പദ്ധതികളുടെയും ആനുകൂല്യങ്ങൾ നൽകുവാൻ 2022 ലെ കൃഷിദർശൻ പരിപാടിയിൽ വെച്ച് കൃഷിയിടത്തിൽ നിന്നു തന്നെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.