തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ വിവിധ സ്കൂളുകളുടെ മുഖം മാറ്റാനൊരുങ്ങി സർക്കാർ. ഇന്ന് നിയമസഭയിൽ കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ അവതരിപ്പിച്ച സബ്മിഷന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിവി ശിവൻകുട്ടി നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന യുപി സ്‌കൂൾ ആണ് കാട്ടായിക്കോണം ഗവ: മോഡൽ യുപി സ്‌കൂൾ. ഈ സ്‌കൂളിനെ ഹൈസ്‌കൂൾ ആയി ഉയര്‍ത്തണമെന്നും അതോടൊപ്പം കാട്ടായിക്കോണം ഗവ: മോഡൽ യുപി സ്‌കൂളിന് സ്വാതന്ത്ര്യസമര സേനാനിയും പുരോഗമന പ്രസ്ഥാനങ്ങളുടെ നേതാവുമായ കാട്ടായിക്കോണം വി ശ്രീധറിന്റെ നാമധേയം നൽകി കാട്ടായിക്കോണം വി ശ്രീധർ മെമ്മോറിയൽ മോഡൽ സ്‌കൂൾ എന്ന് പുനഃനാമകരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കടകംപള്ളി സുരേന്ദ്രൻ എം എൽ എ നൽകിയ സബ്മിഷനിൽ പറയുന്നു.
കാട്ടായിക്കോണം യു.പി.എസിനെ സ്‌കൂളിന് കാട്ടായിക്കോണം വി. ശ്രീധരന്റെ പേര് നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും സ്കൂളിനെഹൈസ്ക്കൂളാക്കി ഉയർത്തുന്ന കാര്യം ഗവൺമെൻ്റ് ഉചിതമായ സന്ദർഭത്തിൽ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
അതുപോലെ ഉദേശ്വരം യു.പി.സ്കൂ ളിന്റെ കെട്ടിടങ്ങൾ എല്ലാം അൺഫിറ്റ് ആയതുകാരണം പ്രവർത്തനരഹിതമാണെന്നും അതിനുമേൽ എന്തു നടപടി സ്വീകരിക്കാൻ കഴിയുമെന്ന കാര്യം സർക്കാർ പരിഗണിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു. ഉദേശ്വരം യു.പി സ്‌കൂളിൽ ആകെ ഉള്ള 5 വിദ്യാർത്ഥികൾക്ക് സമീപത്തെ വലിയ ഉദേശ്വരം ഗവൺമെന്റ് എൽ.പി.എസിൽ പഠനസൗകര്യം ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് സ്കൂളിനെ യു.പി.എസ്. ആക്കുന്ന കാര്യം പ്രത്യേകം പരിഗണിക്കുന്നതാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.