തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ ഇന്ന് അർദ്ധരാത്രിയോടെ എത്തും. ഡാനിഷ് ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോയാണ് വിഴിഞ്ഞത്ത് എത്തുന്ന മദർഷിപ്പ്. ഇന്ന് അർധരാത്രി പുറംകടലിൽ എത്തുന്ന കപ്പൽ നാളെ രാവിലെ ആറുമണിയോടെ കപ്പൽ ബർത്തിൽ അടുക്കും. തുടർന്ന് നാളെ ഒരു ദിവസം കപ്പലിന് വിശ്രമം.
വെള്ളിയാഴ്ചയാണ് കപ്പലിന് ഔദ്യോഗികമായി സ്വീകരണം നൽകുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് പരിപാടി. തിരുവനന്തപുരം ജില്ലയിലെ എംപിമാരും എംഎൽഎമാരും ചടങ്ങിൽ പങ്കെടുക്കും. ടഗ് ബോട്ടുകൾ വാട്ടർ സല്യൂട്ട് നൽകുമെന്നും മുഖ്യമന്ത്രിയും, കേന്ദ്ര തുറമുഖ മന്ത്രിയും അദാനി പോർട്ട് അധികൃതരും, വിസിൽ അധികൃതരും ചേർന്ന് കപ്പലിനെ സ്വാഗതം ചെയ്യുമെന്നുമാണ് വിവരം. ട്രയൽ റണ്ണിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ട്രയൽ ഓപ്പറേഷൻ രണ്ടു മുതൽ മൂന്നു മാസം വരെ തുടരും. ട്രയൽ ഓപ്പറേഷൻ സമയത്ത്, തുറമുഖം വലിയ കപ്പലുകളുടെ പ്രവേശനത്തിന് സാക്ഷ്യം വഹിക്കും. ട്രയൽ പ്രവർത്തനം തുടങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ ഏകദേശം 400 മീറ്റർ നീളമുള്ള വലിയ കണ്ടെയ്നർ കപ്പൽ തുറമുഖത്തേക്ക് എത്തും. തുടർന്ന് കമ്മീഷനിങ് കഴിയുന്നതോടെ ലോകത്തെ മുൻനിര ഷിപ്പിങ് കമ്പനികൾ തുറമുഖത്ത് എത്തും. വലിയകപ്പലുകൾ തുറമുഖത്ത് കണ്ടയർ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകൾ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്നറുകൾ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടു പോകും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ട്രാൻസ്ഷിപ്‌മെന്റ് പൂർണതോതിൽ നടക്കും.