spot_imgspot_img

എ.ഐ സേവനങ്ങള്‍ നല്‍കുന്നതില്‍ കേരളം രാജ്യത്തെ പ്രധാന കേന്ദ്രമാകും: മുഖ്യമന്ത്രി

Date:

spot_img

കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മ്മിത ബുദ്ധി) മേഖലയില്‍ തദ്ദേശീയ സംഭാവനകള്‍ നല്‍കുന്നതില്‍ രാജ്യത്തെ പ്രധാന കേന്ദ്രമായി മാറാന്‍ കേരളത്തിനു കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലുമുള്ള സ്വാധീനവും ചര്‍ച്ചചെയ്യുന്ന രാജ്യാന്തര ജെനറേറ്റീവ് എഐ കോണ്‍ക്ലേവ് കൊച്ചി ലുലു ഗ്രാന്‍ഡ് ഹയാത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) ഐബിഎമ്മുമായി ചേര്‍ന്നാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്.

ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, ഐടി, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ എഐയെ സംയോജിപ്പിക്കുന്നത് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ രാജ്യത്തെ ജെന്‍ എഐ ഹബ്ബ് ആയി ഉയര്‍ത്തുന്നതിനുള്ള ചവിട്ടുപടിയാണ് ഈ കോണ്‍ക്ലേവ്. ജെന്‍ എഐ അതിവേഗം വികസിക്കുകയും ലോകത്താകെ വലിയ സാധ്യതകള്‍ തുറന്നിടുകയും ചെയ്യുന്ന അവസരത്തിലാണ് കേരളത്തില്‍ കോണ്‍ക്ലേവ് നടക്കുന്നതെന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ പുതിയ വ്യാവസായിക നയത്തില്‍ എഐ ഒരു പ്രധാന മേഖലയായി തിരിച്ചറിഞ്ഞിട്ടുണ്ട്. സമീപഭാവിയില്‍ എഐ അടിസ്ഥാനമാക്കിയുള്ള കൂടുതല്‍ നിക്ഷേപങ്ങള്‍ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നു.

സാധ്യമാകുന്ന എല്ലാ മേഖലകളിലും ഈ സാങ്കേതികവിദ്യ സജീവമായി പ്രയോജനപ്പെടുത്തണം. സംസ്ഥാനത്തെ വന്യജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യജീവന്‍ രക്ഷിക്കാന്‍ എഐ അധിഷ്ഠിത ഓട്ടോമേറ്റഡ് മുന്നറിയിപ്പ് സംവിധാനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനാകും. ജലസേചനം, കാര്‍ഷികോല്‍പ്പാദനം എന്നിവ മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതിയുടെയും വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെയും സംരക്ഷണത്തിനും എഐ ഉപകരണങ്ങള്‍ ഫലപ്രദമായി വിന്യസിക്കാനാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസത്തില്‍ എഐ ഉപകരണങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി എല്ലാ അധ്യാപകര്‍ക്കും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പരിശീലനം നല്‍കിവരുന്നു. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് ഇത് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന വ്യവസായ നയത്തിനാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. നിര്‍മ്മിത ബുദ്ധിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനൊപ്പം വ്യവസായ നയത്തിന് ആഗോള ശ്രദ്ധ നേടുന്നതിനും കോണ്‍ക്ലേവ് വഴിയൊരുക്കും. ജെന്‍ എ ഐ കോണ്‍ക്ലേവിന്റെ തുടര്‍ച്ചയായി റോബോട്ടിക്‌സിനെക്കുറിച്ചുള്ള ഒരു സമ്മേളനവും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഴാം ക്ലാസ് മുതല്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതരിപ്പിക്കുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത നിക്ഷേപങ്ങള്‍ സംസ്ഥാനത്തേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷ.

കാലാവസ്ഥാ പ്രവചനം, ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രത്യാഘാതങ്ങളുടെ സാഹചര്യത്തില്‍ ജലസേചനം, ബീജസങ്കലനം, കീട പ്രതിരോധം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പരിഹാരങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധം, വന്യജീവികളുടെ കൈയേറ്റവും വേട്ടയാടലും തടയുന്നതിനുള്ള പരിഹാരങ്ങള്‍, കൃത്യമായ സ്ഥലത്ത് ആരോഗ്യകരമായ മീനിന്റെ ലഭ്യതയുടെ പ്രവചനം, വായു, ജലം മുതലായവയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിഹാരങ്ങള്‍, ഗതാഗതം നിയന്ത്രണ പരിഹാരങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത മാതൃകകള്‍ സൃഷ്ടിച്ചാല്‍ വലിയ മാറ്റം സാധ്യമാകും.

ജനറേറ്റീവ് എഐയ്ക്കായി വലിയ ഭാഷാ മോഡലുകളില്‍ (എല്‍എല്‍എം) മലയാളം മെച്ചപ്പെടുത്തുന്നതിന് നമുക്ക് കൂടുതല്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണ്.. ശക്തമായ മലയാളം കമ്പ്യൂട്ടിംഗ് കമ്മ്യൂണിറ്റികള്‍ ഉണ്ടായിരുന്നിട്ടും, പല എല്‍. എല്‍. എമ്മുകളും നിലവില്‍ മലയാളവുമായി മല്ലിടുന്നു. ഇത് തദ്ദേശീയമായി സംസാരിക്കുന്നവര്‍ക്ക് ഉപയോഗപ്രദമല്ല. ഭാഷാശാസ്ത്രജ്ഞരുടെയും എ ഐ വിദഗ്ധരുടെയും പൊതു സമൂഹത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മികച്ച ഡാറ്റ സെറ്റുകള്‍ നിര്‍മ്മിക്കാനും അല്‍ഗോരിതങ്ങള്‍ പരിഷ്‌കരിക്കാനും കൂടുതല്‍ കൃത്യമായ ഭാഷാ മാതൃകകള്‍ സൃഷ്ടിക്കാനും കഴിയും. ഇതുവഴി മലയാളം നന്നായി മനസിലാക്കാനും ഉപയോഗിക്കാനും എല്‍. എല്‍. എമ്മുകളെ സഹായിക്കും, ഈ സാങ്കേതികവിദ്യകളില്‍ നിന്ന് എല്ലാവര്‍ക്കും പ്രയോജനം ലഭിക്കുന്നുണ്ടെന്നും ഡിജിറ്റല്‍ യുഗത്തില്‍ നമ്മുടെ ഭാഷ സംരക്ഷിക്കപ്പെടുന്നുവെന്നും ഉറപ്പാക്കും.

ഇ-ഗവേണന്‍സ് പ്ലാറ്റ്‌ഫോമുകളിലേക്കും വിവിധ സിറ്റിസണ്‍ പോര്‍ട്ടലുകളിലേക്കും ജനറേറ്റീവ് എഐയുടെ ശക്തി സംയോജിപ്പിക്കുന്നത് സര്‍ക്കാര്‍ സേവനങ്ങളെ വേഗത്തിലാക്കുകയും കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും.

ഡ്രോണുകള്‍, സാറ്റലൈറ്റ് ഇമേജറി, ഗ്രൌണ്ട് സെന്‍സറുകള്‍ എന്നിവയില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത് വിശദമായ വിവരങ്ങള്‍ ശേഖരിക്കാനും എ ഐ ഉപയോഗിക്കാം. കാര്യക്ഷമമായ വിഭവ ഉപയോഗവും മികച്ച പദ്ധതി ഫലങ്ങള്‍ ഉറപ്പാക്കാനും എ ഐക്ക് കഴിയും. പദ്ധതി ആസൂത്രണ സര്‍വേകള്‍ ലളിതമാക്കാനും മെച്ചപ്പെടുത്താനും എ ഐ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ വിപ്ലവകരമായ മാറ്റം സാധ്യമാകും.

എ ഐ ഉപയോഗിച്ചുള്ള തട്ടിപ്പ്, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഈ രംഗത്തെ അധാര്‍മികവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

സുസ്ഥിര വികസനത്തിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തുന്നതിന് കേരളം പ്രതിജ്ഞാബദ്ധമാണ്. നാലാം വ്യാവസായികവിപ്ലവത്തെ ആവേശത്തോടെയും ദീര്‍ഘവീക്ഷണത്തോടെയും സ്വീകരിച്ച് വ്യവസായം 4.0 സജ്ജമാക്കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണ്. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) ബിഗ് ഡാറ്റ, ക്ലൌഡ് കമ്പ്യൂട്ടിംഗ്, സൈബര്‍ ഫിസിക്കല്‍ സിസ്റ്റങ്ങള്‍ എന്നിവയുള്‍പ്പെടെ ഇന്‍ഡസ്ട്രി 4.0 സാങ്കേതികവിദ്യകളുടെ പരിവര്‍ത്തന സാധ്യതകള്‍ സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി. രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് എംഡിയും ചെയര്‍മാനുമായ എം എ യൂസഫലി, ഐ ബി എം സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മ്മല്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ എസ് ഹരികിഷോര്‍, കെ എസ് ഐ ഡി സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ഹരികൃഷ്ണന്‍, ഇലക്ട്രോണിക്‌സ് ഐടി സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കര്‍, കെ എസ് ഐ ഡി സി ചെയര്‍മാന്‍ പോള്‍ ആന്റണി, ഐടി മിഷന്‍ ഡയറക്ടര്‍ അനു കുമാരി, കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥന്‍, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി ഇ ഒ അനൂപ് അംബിക തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp