തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവത്തിൽ നടപടിയുമായി അധികൃതർ. സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്പെന്ഷൻ. 2 ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. അന്വേഷണ വിധേയമായിട്ടാണ് ഇവരെ സസ്‌പെൻഡ് ചെയ്തത്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ, പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായർ ആണ് രണ്ടു ദിവസം ലിഫ്റ്റിൽ കുടുങ്ങിയത്. നിയമസഭയിലെ താൽക്കാലിക ജീവനക്കാരനാണ് രവീന്ദ്രൻ. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റ് കയറിയ ഇയാളെ ഇന്ന് രാവിലെ ആറുമണിക്കാണ് കണ്ടെത്തിയത്.
ഓർത്തോ ഓപിയിലെ 11 ആം നമ്പർ ലിഫ്റ്റിലായിരുന്നു രവീന്ദ്രൻ നായർ കയറിയത്. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തുറന്നപ്പോഴാണ് രവീന്ദ്രൻ നായരെ ലിഫ്റ്റിനുള്ളിൽ കണ്ടത്. ഉടൻ തന്നെ ആത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.