spot_imgspot_img

മാലിന്യ സംസ്‌കരണം: മുഖം നോക്കാതെ നടപടി

Date:

spot_img

തിരുവനന്തപുരം: കേരളത്തിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് അടുത്ത ആറ് മാസത്തിനുള്ളിൽ മുഖം നോക്കാതെ കർശന നടപടിയുണ്ടാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആവശ്യമെങ്കിൽ ദുരന്തനിവാരണ ആക്ട് ഉൾപ്പെടെ പ്രയോഗിക്കും. സംസ്ഥാനത്തെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് കഴിഞ്ഞ ഒരു വർഷമായി സർക്കാർ തീവ്രശ്രമം നടത്തുന്നുണ്ട്. ഇതിൽ നല്ല നേട്ടമുണ്ടാക്കുകയും ചെയ്തു. അതിനിടെയാണ് റെയിൽവേയുടെ അധീനതയിലുള്ള പ്രദേശത്ത് മാലിന്യം നീക്കം ചെയ്യാനിറങ്ങിയ വ്യക്തി ഒഴുക്കിൽപെട്ട് മരിക്കുന്ന സംഭവം ഉണ്ടായത്.

കോർപറേഷനോ സർക്കാരിനോ നേരിട്ട് ഇടപെടാനാകാത്ത സ്ഥലമാണ് റെയിൽവേയുടേത്. റെയിൽവേ ആക്ട് അനുസരിച്ച് റെയിൽവേയുടെ സ്ഥലത്ത് മാലിന്യ നീക്കത്തിൽ ഇടപെടുന്നത് റെയിൽവേ തടയുകയായിരുന്നു. 2011ലെ റെയിൽവേ സർക്കുലർ അനുസരിച്ച് റെയിൽവേയുടെ സ്ഥലത്തെ മാലിന്യ നീക്കത്തിന്റെ ഉത്തരവാദിത്തം റെയിൽവേയ്ക്കാണ്. റെയിൽവേ സ്റ്റേഷനുകളിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് നിരവധി തവണ യോഗം വിളിച്ചു. 2024 ജനുവരി 31ന് അഡീഷണൽ ചീഫ് സെക്രട്ടറി കേരളത്തിലെ രണ്ട് റെയിൽവേ ഡിവിഷണൽ മാനേജർമാർക്കും കത്ത് നൽകി. തിരുവനന്തപുരം ഡിവിഷനിൽ നിന്ന് മറുപടി പോലും നൽകിയില്ല. കഴിഞ്ഞ ഏപ്രിൽ ഒന്നിന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചു. അതിലും രണ്ട് ഡി ആർ എം മാരും പങ്കെടുത്തില്ല. പകരം ജൂനിയർ ഓഫീസർമാരെയാണ് അയച്ചത്. റെയിൽവേയുടെ മാലിന്യ പ്രശ്നം സംബന്ധിച്ച് ഹൈക്കോടതി തന്നെ റെയിൽവേയെ വിമർശിച്ചിട്ടുണ്ട്. റെയിൽവേ വൻകിട മാലിന്യ ഉത്പാദകർ ആണെന്നാണ് ഹൈക്കോടതി പറഞ്ഞത്. മെയ് അഞ്ചിന് തിരുവനന്തപുരം ഡിവിഷന് കോർപറേഷൻ നോട്ടീസ് നൽകി. മെയ് 17ന് വീണ്ടും കത്ത് നൽകി. തുടർന്ന് തന്റെ കൂടി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രൊസിക്യൂഷൻ നടപടി സ്വീകരിക്കുമെന്ന് കാട്ടി കോർപറേഷൻ നോട്ടീസ് നൽകിയതെന്ന് മന്ത്രി പറഞ്ഞു. മെയ് 23ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ടും നോട്ടീസ് നൽകി. തുടർന്നാണ് മാലിന്യ നീക്കത്തിന് റെയിൽവേ കരാർ നൽകിയത്.

മാലിന്യം നീക്കം ചെയ്യുന്നതിനിടെ അപകടുണ്ടായി ജീവൻ നഷ്ടപ്പെട്ട ജോയിയുടെ നിര്യാണത്തിൽ സർക്കാരിനു വേണ്ടി അനുശോചനം അറിയിക്കുന്നതായി മന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ജോയിയെ കണ്ടെത്താൻ നടന്നത്. ഇതിനായി അണിനിരന്ന എല്ലാവരെയും സർക്കാരിനു വേണ്ടി അഭിനന്ദിക്കുന്നതായും നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. മാലിന്യ നിർമാർജനം എല്ലാവരും ചേർന്ന് ഒരുമിച്ച് ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ്. ഇത്തരത്തിൽ മാലിന്യം കുന്നുകൂടുന്നതിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി പറഞ്ഞു.

മാലിന്യ സംസ്‌കരണത്തിനായി അടുത്ത ആറ് മാസത്തിനുള്ളിൽ 11 ലക്ഷ്യങ്ങൾ സർക്കാർ മുന്നോട്ടു വച്ചിട്ടുണ്ട്. ഇതിന് സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ ഇതിനായി പ്രത്യേക ഇടപെടലുണ്ടാകും. അടുത്ത ഡിസംബറിനുള്ളിൽ വാതിൽപ്പടി ശേഖരണം നൂറു ശതമാനമാക്കും. ജനസംഖ്യാനുപാതികമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ബിന്നുകൾ സ്ഥാപിക്കും. മാലിന്യ പോയിന്റുകൾ പൂർണമായി ഇല്ലാതാക്കും. കാമറ നിരീക്ഷണം ശക്തമാക്കും. 2025 ഫെബ്രുവരിയോടെ ടൂറിസം കേന്ദ്രങ്ങളിലെ ശുചിത്വം ഉറപ്പാക്കും. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമ്പൂർണ ശുചിത്വം ഉറപ്പാക്കുകയും ശുചിത്വ ഓഡിറ്റ് നടത്തുകയും ചെയ്യും.

ഒരു ജില്ലയിൽ ഒരു ആർ ഡി എഫ് പ്ളാന്റ് ഉറപ്പാക്കും. അടുത്ത മാർച്ചിനകം ഒരു ജില്ലയിൽ കുറഞ്ഞത് ഒരു എസ്. ടി. പി, എഫ് എസ് ടി പി സ്ഥാപിക്കും. നിലവിൽ 9 എണ്ണം സ്ഥാപിച്ചിട്ടുണ്ട്. മൊബൈൽ എസ് ടി പികൾ വ്യാപകമാക്കും. 20 സൈറ്റുകളിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാൻ ടെൻഡർ നൽകിയതായി മന്ത്രി അറിയിച്ചു. ലെതർ ഉൾപ്പെടെയുള്ള മാലിന്യം ഹരിതകർമ സേന ശേഖരിക്കുന്നതിന് നടപടി സ്വീകരിക്കും. സാനിറ്ററി മാലിന്യവും റീസൈക്കിൾ ചെയ്യാൻ സാധിക്കാത്ത മാലിന്യവും സംസ്‌ക്കരിക്കുന്നതിനുള്ള മെഷീൻ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒരിക്കലും സംഭവിക്കാനും ആവർത്തിക്കാനും പാടില്ലാത്ത ദുരന്തമാണ് തിരുവനന്തപുരത്ത് സംഭവിച്ചതെന്ന് മന്ത്രി പറഞ്ഞു. മേയർ ആര്യാ രാജേന്ദ്രനും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബാലാവകാശ കമ്മിഷന്റെ ഇടപെടൽ വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെതുടർന്ന് ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നോട്ട്‌സ് ഉൾപ്പടെയുള്ള പഠന...

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നടപടികൾ ശക്തിപ്പെടുത്തും : മുഖ്യമന്ത്രി

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നിലവിലുള്ള സ്‌പെഷ്യൽ മൊബൈൽ...

ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തിൽ 4 പേർ പിടിയിൽ

മലപ്പുറം: ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ...

ശബരിമല : റവന്യൂ ഭൂമി കൈമാറുന്നതിനുളള ഉത്തരവ് കൈമാറി

തിരുവനന്തപുരം: ശബരിമല വനവത്ക്കരണത്തിനായി റവന്യൂ ഭൂമി കൈമാറുന്നതിനുള്ള സർക്കാർ ഉത്തരവ്  റവന്യൂ...
Telegram
WhatsApp