കർണാടക: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിനായി കൈകോർത്ത് നാട്. അർജുനെ രക്ഷിക്കാനായി അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. സ്ഥലത്ത് കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവച്ചിരുന്നു. എന്നാൽ അർജുനെ കണ്ടെത്താനായി വീണ്ടും രക്ഷാപ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.
കൂടാതെ കേരളത്തിൽ നിന്ന് ഉദ്യോഗസ്ഥരെ രക്ഷാപ്രവർത്തനത്തിനായി അയക്കും. കാസർകോട് എൻഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തിൽ മൂന്ന് അംഗ സംഘമാണ് ഷിരൂരിലേക്ക് തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ കേരള സർക്കാർ ഉണർന്ന് പ്രവർത്തിക്കുന്നുവെന്ന് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. കൂടാതെ ദൗത്യം ഏകോപിപ്പിക്കാൻ കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പി എ മുഹമ്മദ് റിയാസും അറിയിച്ചു.
കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്. എന്‍ഡിആര്‍എഫിന്‍റെയും ഫയര്‍ഫോഴ്സിന്‍റെയും 40 അംഗ സംഘമാണ് നിലവിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നാലുദിവസമായി അര്‍ജുനും ലോറിയും മണ്ണിനടിയിലാണെന്നാണ് സംശയം. ലോറിയുടെ ജിപിഎസ് അവസാനം കാണിച്ചത് മണ്ണിടിച്ചിലുണ്ടായ ഭാഗമാണ്. അതെ സമയം തുടർച്ചയായി അർജുനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയാണ് ബന്ധുക്കൾ. ഫോൺ വിളിക്കുമ്പോൾ ഫോൺ റിങ് ചെയ്യുന്നുണ്ടെന്നും ആരും എടുക്കുന്നില്ലെന്നും ഇവർ പറയുന്നു. അപകടം നടന്നയിടമാണ് ഫോണിന്റെ ലൊക്കേഷനായി കാണുന്നത്.