തിരുവനന്തപുരം: തിരുവനന്തപുരത്തെ താലൂക്ക് ആശുപത്രിയിൽ ചികിത്സ പിഴവെന്ന് ആരോപണം. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയ്‌ക്കെതിരെയാണ് ചികിത്സ പിഴവെന്ന് ആരോപണം ഉയർന്നിരിക്കുന്നത്. ചികിത്സാ പിഴവിനെ തുടർന്ന് യുവതി അബോധാവസ്ഥയിലായെന്നാണ് പരാതിയിൽ പറയുന്നത്.
ഈ മാസം 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കാണ് നെയ്യാറ്റിൻകര സ്വദേശിനിയായ കൃഷ്ണ തങ്കപ്പൻ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കിടെ എടുത്ത കുത്തിവെപ്പിനിടെയാണ് യുവതി അബോധാവസ്ഥയിലായതെന്നാണ് ആരോപണം.
സംഭവത്തിൽ കൃഷ്ണ തങ്കപ്പന്‍റെ ഭർത്താവ് പോലീസിൽ പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യുവതിക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടെന്നും അലർജി ടെസ്റ്റ് നടത്താതെയാണ് യുവതിക്ക് ഇഞ്ചക്ഷൻ എടുത്തതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. യുവതി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.