
തിരുവനന്തപുരം: തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് അപകടങ്ങൾ തുടർക്കഥയാകുന്നു. മര്യനാട് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ഇന്ന് രാവിലെ 6.45 നാണ് വള്ളം മറിഞ്ഞ് അപകടം സംഭവിച്ചത്. പുതുക്കുറിച്ചി സ്വദേശി ജോസിൻ്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.
മര്യനാട് അർത്തിയിൽ പുരയിടം പത്രോസ് (58) ആണ് അപകടത്തിൽ മരിച്ചത്. ആറംഗ സംഘം സഞ്ചരിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയടിയിൽപെട്ട് വള്ളം മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടു.
വീഴ്ചയിൽ വള്ളത്തിലിടിച്ച് പത്രോസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


