തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് കാട്ടുപോത്തിനെ കണ്ടെത്തി. ഇന്നലെ വൈകുന്നേരം 6:30 യോടെയാണ് കാട്ടുപോത്തിനെ കണ്ടത്. മംഗലപുരം തലയ്ക്കോണത്ത് ടെക്നോ സിറ്റിക്ക് സമീപത്തെ പുരയിടങ്ങളിൽ കാട്ടുപോത്ത് മേഞ്ഞു നടക്കുകയായിരുന്നു. ടെക്നോസിറ്റിയിൽ ജോലി ചെയ്യുന്ന അവിടെ ഹോസ്റ്റലിൽ താമസിക്കുന്നവരാണ് ആദ്യം കാട്ടുപോത്തിനെ കണ്ടെത്തിയത്. ആദ്യം പശുവെന്നാണ് ഇവർ കരുതിയത്. പിന്നെയാണ് കാട്ടുപോത്ത് ആണെന്ന് സ്ഥിതീകരിച്ചത്.
ഉടൻ തന്നെ മംഗലപുരം പോലീസിൽ വിവരമറിയിക്കുകയും ഇന്നലെ തന്നെ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ കാട്ടുപോത്തിനെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഇന്ന് വീണ്ടും പരിശോധന നടക്കുകയാണ്. അതിനെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് ഡിഎഫ്ഒ അനിൽ ആൻ്റണി അറിയിച്ചു. അൻപതോളം വനപാലകരും ആർ ആർ ടി സംഘങ്ങളും സ്ഥലത്തത്തി. ഡ്രോൺ ഉപയോഗിച്ച് കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.