തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറം മംഗലപുരത്ത് കണ്ട കാട്ടുപോത്തിനെ മയക്കുവെടി വച്ചു. മൂന്ന് തവണയാണ് മയക്കുവെടി വച്ചത്. വെടിയേറ്റ് വിരണ്ടോടിയ പോത്ത് രണ്ടു മതിലുകൾ തകർത്തു. തെന്നൂർ ദേവി ക്ഷേത്രത്തിനു സമീപമാണ് പോത്ത് മയങ്ങി വീണത്. മയക്കുവെടിവച്ച ശേഷം ഏതാനും മിനുട്ടുകൾ ഓടിയ ശേഷമാണ് പോത്ത് മയങ്ങി വീണത്.
കഴിഞ്ഞ ദിവസം ടെക്നോസിറ്റിയിൽ കണ്ട പോത്ത് പിന്നീട് ഇന്ന് രാവിലെ പിരപ്പൻകോട് ഹാപ്പിലാൻഡിന് സമീപമെത്തിയിരുന്നു. ഇന്ന് രാവിലെ 6.30ഓടെയാണ് പിരപ്പൻകോട് ഹാപ്പി ലാൻഡിന് സമീപമാമായി പോത്തിനെ കണ്ടെത്തിയത്. ഇവിടെ വച്ചാണ് പോത്തിനെ മയക്കുവെടിവച്ചത്.
ടെക്നോസിറ്റി ക്യാമ്പസിന് പുറകുവശത്തെ കാടുപിടിച്ച പറമ്പിലാണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. ഹോസ്റ്റലിൽ താമസിക്കുന്ന ടെക്നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരുമാണ് പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടത്.
പാലോട് വനമേഖലയിൽ നിന്നാണോ കാട്ടുപോത്ത് എത്തിയതെന്നാണ് സംശയം. വനംവകുപ്പ് ഉദ്യോഗസ്ഥരും ആർആർടിയും രാവിലെ നടത്തിയ പരിശോധനയിൽ സ്ഥലത്ത് ചാണകവും കാൽ അടയാളവും കണ്ടെത്തിയിരുന്നു. കാട്ടുപോത്തിനെ കണ്ടെത്തിയതിനു പിന്നാലെ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.