തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുതിയ നടപടിയുമായി കെ എസ് ഇ ബി. പ്രതിസന്ധി പരിഹരിക്കുന്നതിനായി രാത്രിക്കാലത്തെ വൈദ്യുതി ഉപഭോഗത്തിന്റെ നിരക്ക് വര്‍ധിപ്പിക്കാൻ സാധ്യത. പീക്ക് ടൈമിലെ നിരക്ക് വർധിപ്പിച്ച് പകൽ സമയത്തെ നിരക്ക് കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.
ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകൾ ആയതിനാൽ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകും. ഇതുവഴി പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന്റെ നിരക്ക് വർധിപ്പിക്കാനും സാധിക്കും. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായാണ് ഈ സമയത്തെ നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യം ആലോചനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.