വർക്കല: വിദ്യാദ്യാസത്തിനൊപ്പം തൊഴിൽ നൈപുണ്യവുമുള്ള യുവതക്ക് ലോകത്താകമാനം അവസരങ്ങളുണ്ടെന്ന് മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അഭിപ്രായപ്പെട്ടു. ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ്റെയും വിടുതി ഉലകുടയ പെരുമാൾ ക്ഷേത്ര ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വെട്ടൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും എസ്.എസ്. എൽ .സി ,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങ് പ്രതിഭോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് വേഗതയുടെ കാലമാണ്. ലോകം സഞ്ചരിക്കുന്ന വേഗത്തിൽ മുന്നേറുന്നവർക്ക് മാത്രമേ ഉന്നതങ്ങൾ കീഴടക്കാനാകൂ. സാധാരണ ജീവിത സാഹചര്യങ്ങളിൽ നിന്നും മുന്നേറി ഒളിമ്പിക്സ് വിജേതാവായ മീരാബായി ചാനുവിനെ പോലുള്ളവരുടെ ജീവിതം കുട്ടികൾ മാതൃകയാക്കണം. ജീവിത വിജയത്തിനായി പ്രതിസസികളെ അവസരങ്ങളാക്കി മാറ്റാൻ കുട്ടികൾക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ സുനിലാൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ .എ .രാധാകൃഷ്ണൻ നായർ, ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് എസ് സുരേഷ് ബാബു,രക്ഷാധികാരി എൻ മണികണ്ഠൻ സെക്രട്ടറി ബൈജു എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ ഇരുപത്തിനാല് വിദ്യാർത്ഥികളെ പുരസ്ക്കാരങ്ങളും, സമ്മാനങ്ങളും നൽകി ആദരിച്ചു. ചടങ്ങിന് മുന്നോടിയായി തുടർ പഠന സാധ്യതകൾ എന്ന വിഷയത്തിൽ നെയ്റ്റർ ഡപ്യൂട്ടി ഡയറക്ടർ കെ. നാസിമുദ്ദീൻ പഠന ക്ലാസ്സ് നൽകി.