തിരുവനന്തപുരം: കണിയാപുരം പള്ളിനട- കലാനികേതൻ സാംസ്കാരിക സമിതിയുടെയും പള്ളിനട റസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഏഴു മണി മുതൽ കണിയാപുരം പള്ളിനട നിബ്രാസുൽ ഇസ്ലാം മദ്രസ ഹാളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ആരംഭിച്ചു. വിഷൻ 2025 എന്ന പദ്ധതിയിലൂടെ കഠിനംകുളം പഞ്ചായത്തിനെ തിമിരരഹിത പഞ്ചായത്ത് ആക്കുന്നതിനുള്ള ശ്രമത്തിന്റെ ഫലമായി നടന്നുവരുന്ന ഒമ്പതാമത്തെ ക്യാമ്പ് ആണ് ഇന്ന് നടക്കുന്നതെന്നും ഒമ്പത് ക്യാമ്പുകളിൽ ആയി 4500 ൽ അധികം രോഗികൾ പങ്കെടുക്കുകയും, 530 ഓളം തിമിര രോഗമുള്ളവരെ ഒരു പൈസ ചെലവില്ലാതെ തിമിര ശസ്ത്രക്രിയ ചെയ്തു കൊടുക്കാൻ കഴിഞ്ഞു എന്ന് കലാനികേതൻ സാംസ്കാരിക സമിതിയുടെയും കെ പി ആർ എ യുടെയും ചെയർമാൻ എം എ ലത്തീഫ് പറഞ്ഞു.
ക്യാമ്പിന്റെ ഉദ്ഘാടനം കണിയാപുരം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൻവറുദ്ദീൻ അൻവരി നിർവഹിച്ചു. ചെയർമാൻ എം എ ലത്തീഫ് അധ്യക്ഷത വഹിച്ചു.ഡോക്ടർ അൻസാർ,ഡോക്ടർ പ്രീത് ശർമ, സെന്റ് മാരിസ് കോൺവെന്റ് സിസ്റ്റർ ടെസി, പഞ്ചായത്ത് മെമ്പർ ശ്രീ ചന്ദ്.എസ് , നിബ്രാസുൽ ഇസ്ലാം കോളേജ് സെക്രട്ടറി സജാദ്, ക്യാമ്പ് ഓർഗനൈസർ ഹേമചന്ദ്രൻ, കലാനികേതൻ സാംസ്കാരിക സമിതി സെക്രട്ടറി ടി.നാസർ, കടവിളകാം നിസാം, അസീം, സമദ്, മുജീബ്, മണ്ണിൽ അഷറഫ് തുടങ്ങിയവർ സംസാരിച്ചു.