ഡൽഹി: പി ആർ ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും. ഹോക്കി ഇന്ത്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്നലെയാണ് പാരീസ് ഒളിംപിക്‌സിൽ രാജ്യത്തിനു വേണ്ടി പി ആർ ശ്രീജേഷ് വെങ്കല മെഡൽ നേടിയത്. നേരത്തെ തന്നെ പാരീസ് ഒളിംപിക്‌സിനു ശേഷം വിരമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് പുതിയ ചുമതല ശ്രീജേഷിന് ഹോക്കി ഇന്ത്യ നൽകിയിരിക്കുന്നത്. ഇതിഹാസ താരം മറ്റൊരു ഇതിഹാസ തീരുമാനത്തിലേക്ക് നീങ്ങുന്നുവെന്നാണ് ഹോക്കി ഇന്ത്യ ഇക്കാര്യത്തെ വിശേഷിപ്പിച്ചത്. ഇന്ത്യയ്ക്കായി 336 മത്സരങ്ങൾ കളിച്ച താരമാണ് പി ആർ ശ്രീജേഷ്. 2006ലാണ് ശ്രീജേഷ് ഹോക്കിയിൽ അരങ്ങേറ്റം കുറിച്ചത്. താരത്തിന്റെ നാലാം ഒളിമ്പിക്സാണ് ഇപ്പോൾ നടക്കുന്നത്. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിക്കൊടുത്ത വ്യക്തിയാണ്. കൂടാതെ രണ്ടുതവണ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയിട്ടുമുണ്ട്. ഖേൽ രത്ന, അർജുന, പത്മശ്രീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.