കഴക്കൂട്ടം: പെരുമാതുറ മുതലപ്പൊഴിയിൽ അപകടങ്ങൾ പതിവാകുന്നു. ഇന്ന് മാത്രം മൂന്ന് അപകടങ്ങളാണ് ഇവിടെ നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ശക്തമായ തിരയിൽപ്പെട്ട് അപകടങ്ങൾ സംഭവിച്ചത്. 11 തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ നിരവധി പേർക്ക് ചെറുതും വലുതുമായ പരിക്കേറ്റു.
ആദ്യ അപകടം നടന്നത് ഇന്ന് രാവിലെ ആറ് മണിയോടെയാണ്. പുതുക്കുറിച്ചി സ്വദേശി കബീറിൻ്റെ ഉടസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. നാലു മത്സ്യത്തൊഴിലാളികളാണ് ഈ വള്ളത്തിൽ ഉണ്ടായിരുന്നത്. വള്ളത്തിലുണ്ടായിരുന്നവർ തെറിച്ച് കടലിൽ വീണെങ്കിലും എല്ലാവരും രക്ഷപ്പെട്ടു.
7 :15 ഓടെയാണ് രണ്ടാമത്തെ അപകടം നടന്നത്. ശക്തമായ തിരയിൽപ്പെട്ട വള്ളം തലകീഴായി മറിയുകയായിരുന്നു. പെരുമാതുറ സ്വദേശിയായ സഹീറിൻ്റെ ഉടമസ്ഥതയിലുള്ള സുൽത്താൻ എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ ഉണ്ടായിരുന്ന 3 തൊഴിലാളികൾക്ക് നീന്തി രക്ഷപ്പെട്ടു. പെരുമാതുറ സ്വദേശികളായ തൗഫീഖ്, മനീഷ്,സഹീർ എന്നിവരാണ് രക്ഷപ്പെട്ടത്.
കടലിലേക്ക് പോകുന്നതിനിടെ തിരയിൽപ്പെട്ടാണ് മൂന്നാമത്തെ അപകടം നടന്നത്. വർക്കല സ്വദേശി ബഷീറിന്റെ ഉടമസ്ഥയിലുള്ള ഇന്ത്യൻ എന്ന വള്ളമാണ് മറിഞ്ഞത്. തിരയിൽപ്പെട്ട് വള്ളം ഉയർന്ന് വീണ് രണ്ടായി പിളരുകയായിരുന്നു. നാല് തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. തൊഴിലാളികളായ അഭിജിത്, മുഹമ്മദ്, രാജു എന്നിവർക്ക് പരിക്കേറ്റു. ഇവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി.
മൂന്ന് അപകടങ്ങളിലും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ഏപ്രിൽ മുതൽ ഇതുവരെ 27 അപകടങ്ങളാണ് മുതലപ്പൊഴിയിൽ ഉണ്ടായത്. അപകടങ്ങൾക്ക് കാരണം അഴിമുഖത്തെ ആഴകുറവും മണൽത്തിട്ടയുമാണെന്നാണ് റിപ്പോർട്ട്. അഴിമുഖത്തെ മണൽ തിട്ടയിലിടിച്ചും ഇടിഞ്ഞിറങ്ങിയ പുലിമുട്ടിലെ കൂറ്റൻ പാറകളിൽ ഇടിച്ചുകയറിയുമാണ് അപകടങ്ങളുണ്ടാകുന്നത്.