തിരുവനന്തപുരം: പതിവുപോലെ മക്കളെ വീട്ടിലാക്കി അമ്മയും അച്ഛനും ജോലിക്കായി പോയപ്പോൾ ഇവർ അറിഞ്ഞിരുന്നില്ല തിരികെ എത്തുമ്പോൾ ഇവരുടെ കണ്മണി വീട്ടിൽ ഉണ്ടാകില്ലെന്ന്. ഇന്നലെ വീട്ടിൽ ഉണ്ടായ ചെറിയ പിണക്കമാണ് ആസാം സ്വദേശിയായ തസ്മിൻ തംസുവിനെ വീട് വിട്ടിറങ്ങാൻ പ്രേരിപ്പിച്ചത്. സഹോദരങ്ങൾ തമ്മിൽ വഴക്ക് ഉണ്ടാക്കിയപ്പോൾ അമ്മ തസ്മിനെ വഴക്ക് പറഞ്ഞു. ഈ മനോവിഷമത്തിൽ കുഞ്ഞ് തസ്മിൻ രാവിലെ 11 മണിയോടെ വീട് വിട്ടിറങ്ങി.
വഴക്ക് പറഞ്ഞപ്പോൾ അമ്മയും കരുതിയില്ല മകൾ ഈ ക്രൂരത കാണിക്കുമെന്ന്. രാവിലെ പത്ത് മണിക്ക് മക്കളെ വീട്ടിൽ ആക്കി മാതാപിതാക്കൾ പണിക്ക് പോയതിനു പിന്നാലെയാണ് തസ്മി വീട്ടിൽ നിന്ന് ഇറങ്ങിയത്. തുടർന്ന് ഉച്ചയ്ക്ക് മാതാപിതാക്കൾ വീട്ടിൽ എത്തിയപ്പോഴാണ് മകളെ കാണാനില്ലെന്ന് അറിയുന്നത്.
അസം ഭാഷ മാത്രം അറിയാവുന്ന ഇവർ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു പോയ മണിക്കൂറുകൾ. അടുത്ത സ്ഥലങ്ങളിലും മറ്റു സുഹൃത്തുക്കളുടെ അടുത്തും ഒക്കെ ഇവർ മകളെ തിരഞ്ഞു നടന്നു. ഒടുവിൽ പലരുടെയും സഹായത്താൽ വൈകുന്നേരം 3 മണിക്ക് ശേഷം മാതാപിതാക്കൾ പോലീസിന്റെ സഹായം തേടി എത്തി. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കാൻ ആരംഭിച്ചു. എന്നാൽ കുട്ടിയെ കാണാതായ ആദ്യ മണിക്കൂറുകൾ പോലീസിന് നഷ്ടമായത് തിരച്ചിലെ വല്ലാതെ ബാധിച്ചു.
എന്നാലും പോയ സമയത്തെ കുറിച്ച് ആലോചിക്കാതെ കൂടുതൽ ഊർജസ്വലമായി അവർ കുട്ടിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു. ആ അന്വേഷണത്തിൽ നിർണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ഇന്നലെ വൈകുന്നേരം കുട്ടി ട്രെയിനിൽ ഇരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. ബെംഗളൂരു-കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്തെന്നാണ് റിപ്പോർട്ട്.
സഹയാത്രക്കാരിയാണ് പെൺകുട്ടിയുടെ ചിത്രം പകർത്തിയത്. കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികത കണ്ടാണ് ചിത്രം പകർത്തി പൊലീസിന് കൈമാറിയത്. തുടർന്ന് പോലീസ് കന്യാകുമാരി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.
അസം സ്വദേശികളുടെ നാല് മക്കളില്‍ രണ്ടാമത്തെയാളാണ് പെണ്‍കുട്ടി. മൂത്ത ആണ്‍കുട്ടി ചെന്നൈയില്‍ ജോലി ചെയ്യുന്നുണ്ട്. കന്യാകുമാരി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സ്ഥലത്തെ ഓട്ടോറിക്ഷക്കാര്‍ കുട്ടിയെ കണ്ടെന്ന് മൊഴി നൽകി. കൂടുതൽ പരിശോധന നടത്തിയെങ്കിലും വേറെ ഒരു വിവരവും ലഭിച്ചിട്ടില്ല. കന്യാകുമാരിയില്‍ എത്തിയത് സ്ഥിതീകരിക്കാനാകുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
നിലവിൽ പോലീസ് കഴക്കൂട്ടത്തിനും കന്യാകുമാരിക്കും ഇടയിലുള്ള എല്ലാ സ്റ്റേഷനുകളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. കൂടാതെ തിരുവനന്തപുരത്ത് നിന്നും പൊലീസ് സംഘം നാഗര്‍കോവിലിലേക്ക് തിരിച്ചു. നാഗര്‍കോവില്‍ റെയില്‍വേ സ്‌റ്റേഷനിലും പരിസരത്തും പരിശോധന നടത്തുമെന്നാണ് അറിയുന്നത്. ഉടൻ തന്നെ കുട്ടിയെ കണ്ടെത്താൻ ആകുമെന്ന പ്രതീക്ഷയാണ് എല്ലാവരും.