തിരുവനന്തപുരം: കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ ഈ വർഷത്തെ പുരസ്ക്കാര സമർപ്പണ ചടങ്ങ് ശനിയാഴ്ച് വൈകിട്ട് 5.30 ന് നടക്കും. ഇത്തവണത്തെ പുരസ്കാരം നിശാഗന്ധിയിൽ നടക്കുന്ന “ശ്രീമോ ഹനം” പരിപാടിയിൽ മോഹൻലാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകും. സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ, ശ്രീകുമാരൻ തമ്പി തുടങ്ങിയവർ സംബന്ധിക്കും. ചടങ്ങിൽ ശ്രീകുമാരൻ തമ്പിയെ ആദരിക്കും.
പ്രശസ്ത പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിൻ്റെ നേത്യത്വത്തിൽ പ്രശസ്‌ത ഗായകർ അണിനിരക്കുന്ന ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യയും അരങ്ങേറും. പുരസ്ക്കാര സമർപ്പണ ചടങ്ങിന് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ സെക്രട്ടറി സി.ശിവൻകുട്ടി സ്വാഗതമാശംസിക്കും.
ഫൗണ്ടഷൻ ചെയർമാൻ ഗോകുലം ഗോപാലൻ അദ്ധ്യക്ഷത വഹിക്കും. പരിപാടിയുടെ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. പുരസ്‌കാര ജേതാവ് മോഹൻലാലിന് ശ്രീകുമാരൻ തമ്പി മംഗളപത്രം വായിച്ച് സമർപ്പിക്കും.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ശ്രീകുമാരൻ തമ്പിയെ ആദരിക്കും. മുൻ നിയമസഭാ സ്പീക്കർ എം.വിജയകുമാർ, മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഐ.എ.എസ് എന്നിവർ ആശംസാ പ്രസംഗം നടത്തും. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ്റെ മുൻകാല പ്രവർത്ത നങ്ങളുടെ ചിത്രങ്ങളും ശ്രീകുമാരൻ തമ്പിയുടെ ചിത്രങ്ങളും അടങ്ങിയ ആൽബം നിംസ് എം.ഡി ഡോ.ഫൈസൽഖാൻ മോഹൻലാലിന് നൽകും.
സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് കല്ലിയൂർ ശശിക്കും ഗാനാലാപന മത്സരത്തിലെ മികച്ച രണ്ടു കുട്ടികൾക്കും മോഹൻലാൽ ഉപഹാരങ്ങൾ നൽകും. ഫൗണ്ടേഷൻ അദ്ധ്യക്ഷൻ ജയശേഖരൻ നായർ നന്ദി പറയും. തുടർന്ന് ഗാനസന്ധ്യ അരങ്ങേറും.