തിരുവനന്തപുരം: കഴക്കൂട്ടം കാര്യവട്ടത്തെ അപ്പാർട്മെന്റിൽ തീപിടിച്ചു. വെളുപ്പിന് ഒരുമണിയോടെയാണ് സംഭവം നടന്നത്. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് പുറക് വശത്തുള്ള ഗ്രീൻ വുഡ് എന്ന അപ്പാർട്മെന്റിലാണ് അപകടം സംഭവിച്ചത്. അപ്പാർട്മെന്റിന്റെ കാർ പാർക്കിംഗ് ഏരിയയിലുള്ള ലിഫ്റ്റിനോട് ചേർന്നുള്ള ഇലക്ട്രിക് റൂമിനാണ് തീപ്പിടുത്തം ഉണ്ടായത്. റൂമിൽ ഉണ്ടായിരുന്ന മറ്റ് ഉപകരണങ്ങൾക്കും ഉപയോഗ ശൂന്യ മായ വസ്തുകളിലേക്കും അതിവേഗം തീ ആളി പടരുകയായിരുന്നു.
അർദ്ധരാത്രിയായതുകാരണം താമസക്കാർ ആരും തന്നെ തീ പടർന്നുപിടിക്കുന്നത് അറിഞ്ഞിരുന്നില്ല. വഴിയാത്രക്കാരും സമീപ വാസികളും ആണ് തീ ആദ്യം കാണുന്നത്. ഉഗ്ര ശബ്ദത്തോടെ തീ ആളി കത്തുകയും കറുത്ത പുക കെട്ടിടത്തിനുള്ളിൽ നിറയുകയും ചെയ്യുന്നതാണ് വഴിയാത്രക്കാർ കണ്ടത്. ഇവർ ഉടൻ തന്നെ കഴക്കൂട്ടം ഫയർ ഫോഴ്‌സിനെ വിവരമറിയിക്കുകയും തീ അണയ്ക്കാൻ ശ്രമിക്കുകയും അപ്പാർട്മെന്റിലെ താമസക്കാരെ വിവരം അറിയിക്കാൻ ശ്രമിക്കുകയും ചെയ്തു.
അഗ്നി രക്ഷ സേന എത്തുമ്പോൾ താഴത്തെ നിലയിൽ മുകളിലോട്ട് കയറാൻ പറ്റാത്ത രീതിയിൽ സ്റ്റൈർ കേസിനോട് ചേർന്നുള്ള ഭാഗത്ത് തീ ആളി കത്തുകയായിരുന്നു. ഉടനെ തന്നെ അവിടെ പാർക്ക് ചെയ്തിരുന്ന വാഹങ്ങളിലേക്ക് തീ പടർന്നു കൂടുതൽ അപകടം ഉണ്ടാകാതെ നോക്കി കൊണ്ടും എത്രയും പെട്ടെന്ന് താമസക്കാരെ കണ്ടെത്തി താഴെ എത്തിക്കുന്നതിനുമുള്ള നടപടികൾ കൈകൊണ്ടു. ഷോർട് സർക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പുക നിറഞ്ഞു, ഇരുട്ട് മൂടിയ കെട്ടിടത്തിനകത്തേക്ക് രണ്ട് ടീമുകളായി കൃത്രിമ ശ്വാസനോപാധികളുടെ സഹായത്തോടെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ഉമേഷ്, ശ്രീജിത്ത്, അനുരാജ്, സുഭാഷ് എന്നിവർ അതി സാഹസികമായി പ്രവേശിക്കുകയും ഓരോ റൂമുകളിലും ശാസ്ത്രീമായ തിരച്ചിൽ രീതിയിലൂടെ കുടുങ്ങി കിടന്ന ചെറിയ കുട്ടിയെ അടക്കം 4 കുടുംബങ്ങളിലായി പത്തോളം പേരെ രക്ഷപെടുത്തി താഴത്തേക്ക് എത്തിച്ചു. പുക മൂടി ഇരുട്ട് നിറഞ്ഞ ഉൾ വശവും,കെട്ടിടത്തിൽ എത്ര പേര് അപകടസമയത്ത് ഉണ്ടായിരുന്നുവെന്നതിലുള്ള അവ്യക്തയും, അഗ്നിരക്ഷാ സേന യുടെ വാഹനം അപകടം നടന്ന കെട്ടിടത്തിന് അടുത്തേക്ക് എത്താൻ പറ്റാത്തതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ആയി. ഈ വെല്ലുവിളികളെ ഒക്കെ അതി ജീവിച്ചു സേന നടത്തിയ രക്ഷാ പ്രവർത്തനമായിരുന്നു വലിയൊരു ദുരന്തം ഒഴിവാക്കിയത്.
കഴക്കൂട്ടം അഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ രാജേഷ് കുമാറിന്റെയും നിസാറിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആയ സന്തോഷ്, ഹോം ഗാർഡ് അജി എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.