തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ, കൂടുതൽ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കി ജനോപകാരപ്രദമാക്കി ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് കെ-സ്റ്റോറുകളെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കെ-സ്റ്റോറുകൾക്ക് ഗ്രാമീണ ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചതെന്നും മന്ത്രി അറിയിച്ചു. ഓണത്തിന് മുൻപ് ആയിരം കെ-സ്റ്റോറുകളെന്ന ലക്ഷ്യത്തിന്റെ പൂർത്തീകരണവും അമ്പൂരി ഗ്രാമപഞ്ചായത്തിലെ കൂട്ടപ്പൂവിൽ പ്രവർത്തിക്കുന്ന 46ആം നമ്പർ റേഷൻകടയെ കെ-സ്റ്റോറായി ഉയർത്തുന്ന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ടാം ഇടതുപക്ഷ സർക്കാർ നിലവിൽ വന്നശേഷം ഭക്ഷ്യപൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കിയ നിരവധി നൂതന പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് കേരളാ സ്‌റ്റോർ. അടുത്ത ഒരു വർഷത്തിനകം രണ്ടായിരം കെ-സ്‌റ്റോറുകൾ സംസ്ഥാനത്ത് നടപ്പാക്കുമെന്നും പൊതുവിതരണരംഗത്ത് രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ, റേഷൻ കടകളുടെ വൈവിധ്യവത്കരണം ലക്ഷ്യമിട്ട് നടപ്പാക്കിയ കെ-സ്റ്റോർ പദ്ധതിയും മാതൃക സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു.
സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തയാറാക്കിയ 100 ദിന കർമ പരിപാടിയുടെ ഭാഗമാണ് ഓണത്തിന് മുൻപ് ആയിരം കെ-സ്റ്റോറുകൾ എന്ന പദ്ധതി. കഴിഞ്ഞ 15 മാസത്തിനുള്ളിൽ കെ-സ്റ്റോറുകളിലൂടെ വിവിധ സേവനങ്ങൾ വഴി 8.1 കോടി രൂപയുടെ വിൽപനയാണ് നടന്നത്. 2023 ജൂണിലാണ് കെ-സ്റ്റോർ പദ്ധതിക്ക് തുടക്കമാകുന്നത്.
നിലവിൽ റേഷൻ കാർഡുകൾക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് പുറമേ ശബരി ,മിൽമ ഉത്പന്നങ്ങളും അഞ്ച് കിലോ തൂക്കമുള്ള ഛോട്ടു ഗ്യാസ് സിലിണ്ടറുകളും കെ-സ്റ്റോറുകളിൽ ലഭിക്കും. ഇലക്ട്രിസിറ്റി ബിൽ, ടെലഫോൺ ബിൽ എന്നിവയുടെ അടവ്, പഞ്ചായത്ത് വില്ലേജ്-സപ്ലൈ ഓഫീസുകളിൽ നിന്നുള്ള ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടെ 52 ഇനം സേവനങ്ങൾ, 10,000 രൂപ വരെയുള്ള ബാങ്കിങ് സൗകര്യങ്ങൾ എന്നിവയും കെ-സ്റ്റോറിലുണ്ട്. കൂടാതെ വ്യവസായ,വാണിജ്യ വകുപ്പിന് കീഴിലുള്ള എം.എസ്.എം.ഇ യൂണിറ്റുകളിൽ നിന്നുള്ള ഉത്പന്നങ്ങളും കെ-സ്റ്റോറുകൾ വഴി വിപണനം നടത്തുന്നുണ്ട്.
കൂട്ടപ്പൂവിൽ പ്രവർത്തനമാരംഭിച്ച കെ-സ്റ്റോറിലെ ആദ്യ വിൽപന മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലാ രാജു അധ്യക്ഷയായിരുന്നു. തേക്കുപാറ വാർഡ് മെമ്പർ നിസാർ, ജില്ലാ സപ്ലൈ ഓഫീസർ അജിത്കുമാർ.കെ, താലൂക്ക് സപ്ലൈ ഓഫീസർ അനിൽ കുമാർ ജെ എന്നിവരും പങ്കെടുത്തു.