തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സെപ്തംബർ 12ന് നിശ്ചയിച്ചിരുന്ന മുതലപ്പൊഴി സന്ദർശനം മാറ്റിവെച്ചതായി മെമ്പർ സെക്രട്ടറി അറിയിച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും. മുതലപ്പൊഴിയിലെ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അഡ്വ. എ.എ.റഷീദ് മുതലപ്പൊഴി സന്ദർശിക്കാൻ തീരുമാനിച്ചത്.
ശാസ്തമംഗലത്തെ കമ്മീഷൻ ആസ്ഥാനത്ത് നടന്ന ജില്ലാ സിറ്റിങിൽ കേസിലെ എതിർകക്ഷികളായ മത്സ്യബന്ധന തുറമുഖ വകുപ്പ് സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ, തിരുവനന്തപുരം ജില്ലാ കളക്ടർ, തീരദേശ പോലീസ് അധികൃതർ, അദാനി പോർട്ട് അധികൃതർ എന്നിവരും കേസിൽ കക്ഷിചേർന്ന ലത്തീൻ കത്തോലിക്ക് അസോസിയേഷന്റെ ഭാരവാഹികളും സമർപ്പിച്ച റിപ്പോർട്ടുകൾ പരിഗണിച്ചു. കൂടുതൽ വിവരശേഖരണത്തിനായി ന്യൂനപക്ഷ കമ്മീഷനും അംഗങ്ങളും ബന്ധപ്പെട്ട വകുപ്പുകളിലെഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം അപകടമേഖല സന്ദർശിക്കും.
സന്ദർശനത്തിന്റെ ഭാഗമായി താഴംപള്ളിയിൽ സ്ഥിതി ചെയ്യുന്ന ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ സബ് ഡിവിഷണൽ ഓഫീസിൽ വെച്ച് മത്സ്യമേഖലയിൽ പണിയെടുത്ത് ഉപജീവനം നടത്തുന്നവരെ നേരിൽക്കണ്ട് അഭിപ്രായങ്ങളും പരാതികളും സ്വീകരിക്കും.