spot_imgspot_img

മുഖ്യമന്ത്രി ആർ എസ് എസ്സിന്റെ കാര്യസ്ഥപ്പണി എടുക്കുന്നു : റസാഖ്‌ പാലേരി

Date:

spot_img

തിരുവനന്തപുരം : ആർ എസ് എസ് – സി പി എം ബന്ധത്തെ കുറിച്ച് മുഖ്യമന്ത്രി അടക്കമുള്ള സി പി എം നേതാക്കളുടെ പ്രതികരണങ്ങൾ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ദുരൂഹത ഉയർത്തുകയാണ്. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ആർഎസ്എസിന്റെ ഏജൻറ് ആണെന്ന ആരോപണം ഭരണകക്ഷിയിൽ പെട്ട എംഎൽഎ ഉയർത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും അയാൾക്കെതിരിൽ എന്തെങ്കിലും തരത്തിലുള്ള ഒരു നടപടി സ്വീകരിക്കാൻ കേരള മുഖ്യമന്ത്രി തയ്യാറായിട്ടില്ല.ആരോപണ വിധേയനെ പദവിയിൽ നിന്നും മാറ്റിനിർത്തി നിഷ്പക്ഷ അന്വേഷണം നടത്തുക എന്നതാണ് പ്രാഥമിക നടപടി. ഈ സാമാന്യ മര്യാദ പോലും അജിത് കുമാറിന്റെ കാര്യത്തിൽ കാണിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ല. സംസ്ഥാനത്തുടനീളം കനത്ത പ്രതിഷേധങ്ങൾ ഉണ്ടായിട്ടും ഇടതുമുന്നണിയിലെ ഘടകകക്ഷി നേതാക്കൾ പരസ്യ നിലപാട് സ്വീകരിച്ചിട്ടും എന്തുകൊണ്ടാകും മുഖ്യമന്ത്രി എം ആർ അജിത് കുമാറിനെ സംരക്ഷിക്കുന്നത് എന്ന ചോദ്യം കേരളത്തിലെ ഇടതുപക്ഷ പ്രവർത്തകരിൽ നിന്ന് വരെ ഉയർന്നുകൊണ്ടിരിക്കുന്നു.

അന്വേഷണ റിപ്പോർട്ടുകൾ വരുന്നതിനുമുമ്പ് തന്നെ ആരോപിതരായ മറ്റു പോലീസ് ഉദ്യോഗസ്ഥർക്കെതിരിൽ നടപടി എടുക്കുമ്പോഴും എ ഡി ജി പി എം ആർ അജിത് കുമാറിനെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിക്കുന്നത്. എം ആർ അജിത് കുമാറിനെ തൊട്ടു പോകരുത് എന്ന ആർ എസ് എസ് നിർദേശം ഇടതുമുന്നണി യോഗത്തെ കൊണ്ട് അംഗീകരിപ്പിക്കാൻ പിണറായി വിജയന് കഴിഞ്ഞിരിക്കുന്നു. തന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഇടതുമുന്നണിയെ പോലും ചൊല്പടിയിൽ നിർത്തുകയാണ് പിണറായി വിജയൻ ചെയ്യുന്നത്.

സംസ്ഥാനത്തിന്റെ ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള എ ഡി ജി പി പദവിയിൽ ഇരിക്കെയാണ് അജിത് കുമാർ ആർഎസ്എസ് നേതാക്കളായ ഹൊസബലെയുമായും റാം മാധവുമായും രഹസ്യ കൂടിക്കാഴ്ച നടത്തിയത്. ആ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യം ഉണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. എന്തിനുവേണ്ടിയാകും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ ബന്ധുവും കൂടി ആർഎസ്എസ് നേതാവിനെ കണ്ടിട്ടുണ്ടാവുക. മുഖ്യമന്ത്രിയും പാർട്ടിയും അറിയാതെയും വ്യക്തമായ നിർദേശം ഇല്ലാതെയും ഈ കൂടിക്കാഴ്ച നടക്കില്ല എന്ന് എല്ലാവർക്കും അറിയാം. പ്രകാശ് ജാവ്ദേകറുമായി കൂടിക്കാഴ്ച നടത്തിയ ഇ പി ജയരാജനെതിരിൽ നടപടി എടുക്കാൻ വിമുഖതയില്ലാത്ത സി പി എമ്മും ഇടതുമുന്നണിയും എം ആർ അജിത് കുമാറിനെ സംരക്ഷിക്കാൻ പെടാപ്പാട് പെടുന്നതിൽ നിന്ന് കാര്യം വ്യക്തമാവുകയാണ്.

കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായിരുന്ന ഇ പി ജയരാജന് നൽകാത്ത ആനുകൂല്യമാണ് ഇടതുമുന്നണിയും സിപിഎമ്മും എം ആർ അജിത് കുമാറിന് നൽകിയിരിക്കുന്നത്. തങ്ങളെ ആർഎസ്എസ് നേതാക്കൾ കാണാൻ വന്നാൽ തടയാൻ പറ്റുമോ എന്നാണ് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ചോദിക്കുന്നത്. എന്നാൽ പ്രകാശ് ജാവേദ്ക്കർ ഇ പി ജയരാജനെ ഇങ്ങോട്ട് വന്ന് കണ്ടിട്ടും എന്തുകൊണ്ട് സിപിഎം നടപടി സ്വീകരിച്ചു. അതേ സിപിഎം തങ്ങളുടെ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ ആർഎസ്എസ് നേതാക്കളെ അങ്ങോട്ടുപോയി കണ്ടിട്ടും നടപടി സ്വീകരിക്കാൻ ഭയക്കുന്നത് എന്തുകൊണ്ടാണ് എന്നതിന് കൂടി എൽഡിഎഫ് കൺവീനർ മറുപടി പറയേണ്ടത് ഉണ്ട്. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും എന്ന പിണറായി വിജയൻ്റെ മാസ് ഡയലോഗ് എന്തുകൊണ്ടാണ് അജിത് കുമാറിന് ബാധകമാകാതെ പോകുന്നത്.

കീഴുദ്യോഗസ്ഥരുടെ ഒരു സംഘം തങ്ങളുടെ മേലുദ്യോഗസ്ഥനെതരിൽ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുകയില്ല എന്ന കാര്യം ആർക്കും മനസ്സിലാകും. ഏതു നിമിഷവും നിഷ്പ്രയാസം അട്ടി മറിക്കപ്പെടാവുന്ന അന്വേഷണ പ്രഹസനം ആയിരിക്കുമത്. ഈ രീതി മറ്റേതെങ്കിലും സർക്കാറുകൾ സ്വീകരിച്ചാൽ ഇടതുമുന്നണിയോ സിപിഎമ്മോ അത് അംഗീകരിച്ചു കൊടുക്കുകയും ഇല്ല. ആർഎസ്എസ് ഡീപ്പ് സ്റ്റേറ്റിന് കേരളഭരണം വിട്ടുകൊടുത്തു സർക്കാരിനുള്ളിലെ ആർഎസ്എസ് ചാരന്മാരെ സംരക്ഷിക്കുന്ന പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും എ ഡി ജി പി യെ സ്ഥാനത്ത് നിന്ന് മാറ്റി നിറുത്തി ജൂഡീഷ്യൽ അന്വേഷണം നടത്തുകയും വേണം. ഇടത് അനുയായികളെ പോലും വഞ്ചിച്ചു കൊണ്ടാണ് മുഖ്യമന്ത്രി അധികാര കസേരയിൽ കടിച്ചു തൂങ്ങുന്നത്.

നിഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ട നിയമസഭാ സ്പീക്കർ മുഖ്യമന്ത്രിയുടെ വാലാട്ടിയെപ്പോലെ പ്രതികരിക്കുന്നത് ജനാധിപത്യത്തിന് കളങ്കമാണ്. പാർട്ടി രാഷ്ട്രീയത്തെ ആകെ അട്ടിമറിച്ച് വലതുപക്ഷ കൂടാരത്തിലേക്ക് സിപിഎമ്മിനെ കൊണ്ടുപോകാൻ ശ്രമിക്കുന്ന നേതാവിന് മുന്നിൽ വിനീതവിധിയായരായി സിപിഎമ്മിലെ ഉന്നത നേതാക്കൾ നിലകൊള്ളുകയാണ്. ഇത്തരക്കാർ ഉണ്ടാക്കിയ സ്ക്രിപ്റ്റാണ് ആർ എസ് എസ് ഇന്ത്യയിലെ പ്രധാനപ്പെട്ട സംഘടനയാണ് എന്നത്. രാജ്യത്തെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റു കൊടുക്കുകയും ഗാന്ധി വധം, മുസ്‌ലിം – ക്രിസ്ത്യൻ ഉൻമൂലനങ്ങൾ അടക്കമുള്ള ഭീകര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്ത ഒരു വംശീയ സംഘടനയെ സാധാരണവത്കരിക്കാൻ ശ്രമിക്കുയാണ് സി പി എം നേതാക്കൾ ഇപ്പോൾ ചെയ്യുന്നത്.

ആർഎസ്എസുമായി ഉണ്ടാക്കിയ ധാരണകളുടെ അടിസ്ഥാനത്തിൽ സി പി എം ബി ജെ പി ക്ക് കൊടുത്ത സമ്മാനമാണ് തൃശ്ശൂരിലെ വിജയം. കേരള ജനതയെ ആണ് ഇടതുപക്ഷം വഞ്ചിച്ചിരിക്കുന്നത്. മാപ്പില്ലാത്ത രാഷ്ട്രീയ കുറ്റകൃത്യമാണ് സി പി എം നടത്തിയിരിക്കുന്നത്. അനേകം രക്തസാക്ഷികളുടെ ജീവത്യാഗത്തിലൂടെ കെട്ടിപ്പടുത്ത ഒരു പ്രസ്ഥാനത്തെ സംഘപരിവാറിന് പണയപ്പെടുത്തുന്ന ഇത്തരം നേതാക്കൾക്കെതിരെ ഇടത് പ്രവർത്തകർ തന്നെ രംഗത്തുവരേണ്ടതുണ്ട്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...

കഴക്കൂട്ടം ഗവ എച്ച് എസ് എസിലെ സുരീലിവാണി റേഡിയോ ക്ലബ്ബിന് അംഗീകാരം

തിരുവനന്തപുരം: കണിയാപുരം ഉപജില്ലയിൽ റേഡിയോ ക്ലബുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ വച്ച് കഴക്കൂട്ടം...
Telegram
WhatsApp