കോഴിക്കോട്: ചികിത്സാപ്പിഴവ് മൂലം ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ കുഞ്ഞിന്റെ അമ്മയും മരിച്ചു. കോഴിക്കോട് ഉള്ള്യെരിയിൽ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തിയത്.
ഉള്ളേരിയിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അശ്വതിയെ പ്രവേശിപ്പിച്ചത്. പ്രസവത്തിനാണ് യുവതി അശ്വതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. ആദ്യം സിസേറിയൻ ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. എന്നാൽ പ്രസവ വേദന വന്നിട്ടും ഡോക്ടർ സിസേറിയൻ ചെയ്യാൻ തയ്യാറായില്ലെന്നും യുവതി വേദന എടുക്കുന്നുവെന്ന് കള്ളം പറയുന്നതാണെന്നും എന്തിനാണ് കീറി മുറിക്കുന്നതെന്നും ചോദിച്ചുവെന്നും അശ്വതിയുടെ ഭർത്താവ് വിവേക് പറഞ്ഞു.
നേരത്തെ അശ്വതി വേറെ ഡോക്ടറെ ആണ് കാണിച്ചിരുന്നത്. എന്നാൽ അന്നേ ദിവസം ആ ഡോക്ടർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല. പക്ഷെ ഡോക്ടർ ഉണ്ടെന്ന് ഇവർ കള്ളം പറഞ്ഞുവെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. തുടർന്നാണ് വേറെ ഡോക്ടറെ കാണിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് ഗർഭപാത്രം തകർന്ന് കുഞ്ഞ് മരിക്കുന്നത്. ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്.
യുവതിയുടെ നില ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആയപ്പോഴും കുടുംബത്തോട് യുവതിക്ക് വേറെ കുഴപ്പമൊന്നും ഇല്ലെന്നാണ് അറിയിച്ചത്. മാത്രമല്ല യുവതിയെ വേറെ ആശുപത്രിയിലേക്ക് മാറ്റാൻ ആശുപത്രി നേരിട്ടാണ് നീക്കം നടത്തിയതെന്നും അശ്വതിയുടെ കുടുംബം ആരോപിക്കുന്നു.
സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി. അത്തോളി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.