തിരുവനന്തപുരം: ഇന്ന് ഉത്രാടം. മലയാളികൾ പൊന്നോണത്തിന്റെ അവസാനവട്ട ഒരുക്കത്തിലേക്ക് കടന്നിരിക്കുകയാണ്. ഉത്രാട ദിവസമാണ് മലയാളിക്ക് ഒന്നാം ഓണം. ഇന്നാണ് ഉത്രാടപ്പാച്ചിൽ. ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ. മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണു ഉത്രാട ദിവസം. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്ത് എത്തിക്കുക എന്നതാണു ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശം.
വയനാട് ദുരന്തത്തെ തുടർന്ന് സർക്കാരിന്റെ ഔദ്യോഗിക ഓണാഘോഷം മാറ്റിയിരിക്കുകയാണ്. എന്നാൽ വിപണികൾ എല്ലാം സജീവമാണ്. ചിങ്ങം ആരംഭിച്ചതുമുതൽ വിപണികൾ എല്ലാം ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്. നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും ഒരുപോലെ തിരക്കാണ്. എന്നാൽ ഇന്നാണ് വിപണികൾ ഏറ്റവും കൂടുതൽ സജീവമാകുന്നത്.
അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ഉള്ള തത്രപ്പാടിലാണ് മലയാളികൾ. പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, പൂക്കൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയാണ് ഓണക്കച്ചവടത്തിൽ മുൻപന്തിയിൽ നില്കുന്നത്.