തിരുവനന്തപുരം: തിരുവനന്തപുരത്ത് പക്ഷിക്കൂട്ടം ഡ്രോണിനെ ആക്രമിച്ചു. പൂന്തുറയിൽ പാർവതി പുത്തനാറിനു കുറുകേ പറന്നുവരുകയായിരുന്നു ഡ്രോൺ. ഇതിനിടെ നിരവധി കാക്കകളും പരുന്തുകളും ചേർന്ന് ഡ്രോണിനെ കൊത്തുകയായിരുന്നു.
ഇന്നലെ രാവിലെ 7.30-ഓടെയാണ് സംഭവം നടന്നത്. നിയന്ത്രണം തെറ്റിയ ഡ്രോൺ ആറ്റിലേക്ക് വീഴുകയായിരുന്നു. മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിനു പുറകുവശത്തുള്ള പാർവതി പുത്തനാറിനടുത്താണ് സംഭവം നടന്നത്.
ആറ്റിൽ പതിച്ചിട്ടും പക്ഷിക്കൂട്ടങ്ങൾ ഡ്രോണിനെ വെറുതെ വിട്ടില്ല. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പക്ഷികളെ ഓടിക്കുകയും ഡ്രോണിനെ സുരക്ഷിതമായി എടുക്കുകയും ചെയ്തു. തുടർന്ന് ഡ്രോൺ പറത്തിയ ആളെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പരിശോധനയിൽ കളിപ്പാട്ടത്തിനു സമാനമായ ഡ്രോണാണ് ഇതെന്ന് കണ്ടെത്തി.