
തിരുവനന്തപുരം: കാണികൾക്ക് ദൃശ്യവിരുന്നൊരുക്കിയ അണ്ടർ വാട്ടർ അക്വാ ടണലിലെ കാഴ്ചകൾ നാളെ (ഒക്ടോബർ രണ്ട്) അവസാനിക്കും. ഒരുമാസത്തിലേറെയായി തലസ്ഥാന നഗരിയിലെ ആനയറ വേൾഡ് മാർക്കറ്റിൽ സജ്ജീകരിച്ച കടലിനടിയിലെ കാഴ്ചകൾ ലക്ഷക്കണക്കിന് ആളുകളാണ് ആസ്വദിച്ചത്. കാണികളുടെ തിരക്ക് വർധിച്ചതോടെ പ്രദർശന സമയവും 12 മണിക്കൂറായി നീട്ടിയിരുന്നു. മറൈന്‍ മിറാക്കിൾസ് ഒരുക്കിയ ഇന്ത്യയിലെ ആദ്യത്തെയും വലുതുമായ അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയമാണ് നഗരത്തിന് വ്യത്യസ്ത കൗതുകക്കാഴ്ചകൾ സമ്മാനിച്ചത്. ആഴക്കടലിന്‍റെ അടിത്തട്ടില്‍ വിരാജിക്കുന്ന കൂറ്റൻ തിമിംഗലങ്ങളും സ്രാവുകളും മുതൽ വ്യത്യസ്തങ്ങളായ വർണ്ണമത്സ്യങ്ങൾ വരെ ഈ അക്വേറിയത്തിലുണ്ട്.
ലക്ഷകണക്കിന് ലിറ്റര്‍ വെള്ളത്തില്‍ തീര്‍ത്ത സാഗരക്കാഴ്ചകള്‍ കണ്ട് മനം നിറഞ്ഞാണ് കുട്ടികളും കുടുംബങ്ങളും പ്രദർശന നഗരി വിടുന്നത്. പ്രായവ്യത്യാസമില്ലാതെ കാണികൾ കടലിന്‍റെ അടിത്തട്ടിലൂടെ നടന്നുല്ലസിക്കുകയായിരുന്നു. തലയ്ക്ക് മുകളിൽ കൂറ്റൻ സ്രാവുകൾ മുതൽ വർണമൽസ്യങ്ങൾ വരെയുള്ള കടൽ ജീവികളാണ് അക്വാ ടണലിലെ വിസ്മയ കാഴ്ച. 120 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കലാ ട്രസ്റ്റാണ് കടലോളം ഓണം എന്ന പേരിൽ അണ്ടർ വാട്ടർ ടണൽ അക്വേറിയവും ഓണം മെഗാ എക്സ്പോയും ഒരുക്കിയത്.
തലസ്ഥാന നഗരിയിൽ കഴിഞ്ഞ വർഷത്തെ പോലെ സർക്കാർ ഒരുക്കുന്ന ഓണം വാരാഘോഷമില്ലാത്തതിനാൽ ഉല്ലാസത്തിനായി കുടുംബങ്ങൾ ആനയറ വേൾഡ് മാർക്കറ്റിലേക്കാണ് എത്തിയത്. വമ്പൻ മുതല്‍ മുടക്കിൽ നവീന സങ്കേതിക വിദ്യകളുടെ സഹായത്തോടെ കരയില്‍ സജ്ജീകരിച്ചിരിക്കുന്ന കടലാഴങ്ങളിലെ കാഴ്ചകൾ നാളെ അവസാനിക്കും.


