തൃശൂർ: തൃശ്ശൂർ റൗണ്ടിനു സമീപം വൻതോതിൽ പുതുച്ചേരി മദ്യം സംഭരിച്ച് വില്പന നടത്തിയ പാലക്കാട് ആലത്തൂർ സ്വദേശിയെ എക്സൈസ് സ്പെഷ്യൽ സ്കോഡ് പിടികൂടി. എക്സൈസ് സ്പെഷ്യൽ സ്കോഡ് സർക്കിൾ ഇൻസ്പെക്ടർ A.T. ജോബിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ സംഭരിച്ചു വെച്ചിരുന്ന 33. 5 ലീറ്റർ മദ്യം പിടിച്ചെടുത്തു.
ഇതിൽ 22.5 ലിറ്റർ പോണ്ടിച്ചേരി നിർമ്മിത വ്യാജ മദ്യവും 11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമാണ്. അന്യസംസ്ഥാനത്തൊഴിലാളികളായ തുണി കച്ചവടക്കാർ മാഹിയിൽ നിന്നും പുതുച്ചേരിയിൽ നിന്നും തുണികൾക്കിടയിൽ ഒളിപ്പിച്ചു കടത്തി കൊണ്ടുവന്ന മുന്തിയ ഇനം മദ്യമാണ് ഇയാൾ സംഭരിച്ചിരുന്നത്.
ഇതു ഈ ലോഡ്ജിലെ ആവശ്യക്കാർക്ക് അമിത ലാഭത്തിൽ ലഭ്യമാക്കുകയായിരുന്നു. 20 വർഷമായി ടൂറിസ്റ്റ് ഹോമിൽ റൂം ബോയിയായി സേവനമനുഷ്ഠിച്ചിരുന്ന ആലത്തൂർ കാവശ്ശേരി സ്വദേശിയായ പ്രദീപിന്റെ പേരിൽ തൃശ്ശൂർ എക്സൈസ് മൂന്നോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾ ദീർഘനാളായി എക്സൈസ് സ്പെഷ്യൽ സ്കോഡിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിച്ചെടുത്ത 63 കുപ്പികളിൽ 41 കുപ്പിയും വ്യാജമദ്യം ആയിരുന്നു.
പോണ്ടിച്ചേരി നിർമ്മിതമായ വ്യാജമദ്യം സംഭരിച്ച് വില്പന നടത്തുന്നതിന് ഇയാളെ സഹായിച്ച വ്യക്തികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. വ്യാജ മദ്യ ശൃംഖലയെ കുറിച്ച് വിശദമായ വിവരം ലഭിച്ചിട്ടുള്ളതായും ഇതിന്റെ തുടർ അന്വേഷണം നടന്നുവരുന്നതായും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എൻഫോഴ്സ്മെന്റ് എച്ച്. നൂറുദ്ദീൻ അറിയിച്ചു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
പാർട്ടിയിൽ എക്സൈസ് സ്പെഷ്യൽ സ്കോഡിലെ എക്സൈസ് ഇൻസ്പെക്ടർ എൻ. സുദർശനകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സോണി കെ ദേവസി, പ്രിവന്റിവ് ഓഫീസർ (ഗ്രേഡ്). കെ വി ഷാജി, ഡ്രൈവർ സംഗീത് എന്നിവർ ഉൾപ്പെട്ടിരുന്നു.