തിരുവനന്തപുരം: ലോകത്തെ മുന്‍നിര ഇന്‍റഗ്രേറ്റഡ് എനര്‍ജി കമ്പനിയായ ടോട്ടല്‍എനര്‍ജീസ് അവരുടെ ഇറാഖിലെ ലൊജിസ്റ്റിക്സ്, പേഴ്സണല്‍ സേവനങ്ങള്‍ക്കായി ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ സേവനങ്ങള്‍ ഉപയോഗിക്കും. ടോട്ടല്‍എനര്‍ജീസ് എക്സ്പ്ലറേഷന്‍ പ്രൊഡക്ഷന്‍ റത്താവി ഹബ് (ടിഇപിആര്‍എച്) മുഖാന്തിരമാണ് ഇത് നടപ്പാക്കുന്നത്. ജീവനക്കാരുടെ യാത്രാസംവിധാനം, നിയന്ത്രണം, താമസസൗകര്യങ്ങള്‍ എന്നിവയെല്ലാം ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ സംവിധാനത്തിലേക്ക് മാറും. ഇതുവഴി സുരക്ഷിതവും നിസ്സീമവുമായ ട്രാവല്‍ അനുഭവങ്ങള്‍ ഇവര്‍ക്ക് ലഭിക്കും.
ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ഐലൊജിസ്റ്റിക്സ് ക്ലൗഡ് സൊല്യൂഷന്‍ ആണ് ഇവര്‍ ഉപയോഗിക്കുന്നത്. പേഴ്സണല്‍ ലൊജിസ്റ്റിക്സ്, മെറ്റീരിയല്‍ ലൊജിസ്റ്റിക്സ്, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവ ഇതിലൂടെ സമഗ്രമായി നിയന്ത്രിക്കാന്‍ സാധിക്കും. ഗതാഗത സൗകര്യങ്ങള്‍, ചെക്ക് ഇന്‍ തുടങ്ങിയവ ഏകീകൃത പ്ലാറ്റ് ഫോമിലൂടെ നിരീക്ഷിക്കാനും സാധിക്കും. ടോട്ടല്‍എനര്‍ജീസിന്‍റെ ഇറാഖിലെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം ജീവനക്കാരുടെ സുരക്ഷയും ഇതിലൂടെ ഉറപ്പുവരുത്താന്‍ ആകും.
സുരക്ഷ ഉറപ്പാക്കുന്നതിന് ഡൈനാമിക് റിസ്ക് അസസ്മെന്‍റും തത്സമയ ഡാറ്റയുടെ സഹായത്തോടെ ഒരുക്കുന്ന സുരക്ഷിത യാത്രാ നിയന്ത്രണവുമാണ് ഐലൊജിസ്റ്റിക്സ് നല്‍കുന്നത്. ഐലൊജിസ്റ്റിക്സ് അക്കോമോഡൈഷന്‍ മാനേജ്മന്‍റ് മൊഡ്യൂള്‍ വഴി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യക്തികളുടെ ആഗമനം, പുറപ്പെടല്‍, ജോലിസ്ഥലത്തെ താമസസൗകര്യം എന്നിവയും നിയന്ത്രിക്കാം.
ലൊജിസ്റ്റിക്സ് ഡെസ്പാച്ചുകള്‍ക്ക് ടാബ് അധിഷ്ഠിതമായ ചെക് ഇന്‍ സംവിധാനം ഐലൊജിസ്റ്റിക്സ് നല്‍കും. വിമാനത്താവളങ്ങള്‍, ക്യാമ്പുകള്‍, എണ്ണപ്പാടങ്ങള്‍, എന്നിവിടങ്ങളിലെല്ലാം ജീവനക്കാര്‍ക്ക് ഐലൊജിസ്റ്റിക്സിന്‍റെ ഗോ ക്യൂ ആര്‍ കോഡ് ആര്‍എഫ്ഐഡി, സ്മാര്‍ട്ട് ബാഡ്ജ് എന്നിവ സ്കാന്‍ ചെയ്ത് നിസ്സീമമായ സേവനങ്ങള്‍ നേടാം. ഓഫ് ലൈന്‍ സംവിധാനം കൂടിയുള്ളതുകൊണ്ട് ഇന്‍റര്‍നെറ്റിന്‍റെ അഭാവമുള്ള എണ്ണപ്പാടങ്ങള്‍ പോലുള്ള സ്ഥലങ്ങളിലും ഇത് ഏറെ ഗുണം ചെയ്യും.
ബിസിനസിന്‍റെ എല്ലാ വശങ്ങളിലും നൂതനത്വവും പ്രവര്‍ത്തനമികവും മുഖമുദ്രയാക്കിയ കമ്പനിയാണ് ടോട്ടല്‍എനര്‍ജീസെന്ന് ടിഇപിആര്‍എച് മാനേജര്‍മാരായ ഹാനി അല്‍ കസ്സൗസും പിയറി സൗറിയും പറഞ്ഞു. ഇറാഖിലെ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷയും കാര്യക്ഷമതയും വര്‍ധിക്കാന്‍ ഐബിഎസുമായുള്ള സഹകരണത്തിലൂടെ സാധിക്കും. ടോട്ടല്‍എനര്‍ജീസിലെ ജീവനക്കാര്‍ സുഗമമായും സുരക്ഷിതമായും വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളെ നേരിടാന്‍ പ്രാപ്തരാകുന്നുവെന്നും അവര്‍ പറഞ്ഞു.
ഐലൊജിസ്റ്റിക്സിന്‍റെ കാര്യക്ഷമതയുടെ സാക്ഷ്യപത്രമാണ് ടോട്ടല്‍എനര്‍ജീസുമായുള്ള സഹകരണമെന്ന് ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ റീജണല്‍ ഡയറക്ടര്‍ താരിഖ് മുറാദി പറഞ്ഞു. ടോട്ടല്‍എനര്‍ജീസിന്‍റെ ജീവനക്കാര്‍ക്ക് സുരക്ഷിതമായ ജോലി അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനോടൊപ്പം ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.