ഡൽഹി: രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം. ഇത് സംബന്ധിച്ച് ബാലാവകാശ കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. മദ്രസകള്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നും മദ്രസ ബോർഡുകൾ നിർത്തലാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
ഒക്ടോബർ 11 നാണ് സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചത്. എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോയാണ് കത്ത് അയച്ചത്. മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ “ഔപചാരിക വിദ്യാലയങ്ങളിൽ ചേർക്കണം എന്ന് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.
മദ്രസകളെ കുറിച്ച് കമ്മീഷൻ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. “വിശ്വാസത്തിന്‍റെ സംരക്ഷകർ അല്ലെങ്കിൽ അവകാശങ്ങളെ അടിച്ചമർത്തുന്നവർ: കുട്ടികളുടെ ഭരണഘടനാ അവകാശങ്ങൾ vs. മദ്രസകൾ” എന്ന തലക്കെട്ടിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 11 അധ്യായങ്ങൾ അടങ്ങുന്ന ബാലാവകാശ സമിതി തയ്യാറാക്കിയ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം.