കഴക്കൂട്ടം: വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്ന് പത്തിന് കഴക്കൂട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്പീക്കറിലൂടെ കേൾക്കുന്ന പ്രക്ഷേപണ അറിയിപ്പ് കുട്ടി ശ്രോതാക്കൾക്ക് ഒരു ശ്രവ്യ സുഖ അനുഭവം നൽകുന്നു.സ്കൂൾ റേഡിയോ ആയ സൂരീലി വാണിയുടെ പ്രക്ഷേപണം ഉച്ചഭക്ഷണ കഴിക്കുന്നതിനിടക്ക് കേൾക്കുന്നതും കുട്ടികൾക്ക് താല്പര്യം ഉണ്ടാകുന്നു. കണിയാപുരം സബ്ബ് ജില്ലയിലെ ഹൈസ്കൂളുകളിൽ ഏറ്റവും മികച്ച റേഡിയോ ക്ലബ്ബായി തെരഞ്ഞെടുത്തതിൻ്റെ മികവിലാണ് സുരീലി വാണി റേഡിയോ ക്ലബ്.
2023 നവംബർ മാസമാണ് സ്കൂളിൽ സു രീലി വാണി റേഡിയോ ക്ലബ് ആരംഭിക്കുന്നത്.ഹിന്ദി ഭാഷാപോഷണ പരിപാടിയായ സുരീലി ഹിന്ദി യുടെ ഭാഗമായിട്ടാണ് റേഡിയോ ആരംഭിച്ചത്. സ്കൂളിലെ ദിനാചരണങ്ങളും മറ്റ് വിശിഷ്ട ദിനങ്ങളും റേഡിയോയുടെ പ്രക്ഷേപണ വിഷയമാകുന്നു. അധ്യാപകരുടെ സഹായത്താൽ കുട്ടികൾ തന്നെ റേഡിയോ ജോക്കി ആകുന്ന പരിപാടികൾ സ്കൂൾ പ്രക്ഷേപണ ത്തിനുശേഷം ക്ലാസ്സ് ഗ്രൂപ്പുകളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രക്ഷേപണം ചെയ്യാറുണ്ട്.ഹിന്ദി സാഹിത്യകാരനായ പ്രേംചന്ദ് ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടി പൂർണ്ണമായും ഹിന്ദിയിലാണ് പ്രക്ഷേപണം ചെയ്തത്.. പ്രക്ഷേപണ വിഷയം ഒരാഴ്ച ദിവസങ്ങൾക്ക് മുൻപ് തന്നെ കുട്ടികൾക്ക് നൽകി തയ്യാറെടുപ്പ് നടത്തുകയാണ് ഒന്നാം ഘട്ടം. പ്രക്ഷേപണത്തിന് യോഗ്യമായവ കണ്ടെത്തി അവ തിരുത്തലുകൾക്കും കൂട്ടിച്ചേർക്കൽകൾക്കുംശേഷം അവതരിപ്പിക്കും. എകെജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് റേഡിയോയിൽ പരിപാടികൾ അവതരിപ്പിക്കാം. എല്ലാ വെള്ളിയാഴ്ചയും ആരോഗ്യ, നിയമ, സാംസ്കാരിക, രംഗത്തെ പ്രമുഖർ അവതരിപ്പിക്കുന്ന മൊഴിമുത്തുകൾ, കുട്ടികളുടെ അമ്മമാർക്ക് വേണ്ടിയുള്ള അമ്മ പാട്ട്, പ്രീ പ്രൈമറി കൂട്ടുകാർക്ക് വേണ്ടിയുള്ള ,കിളിമൊഴികൾ എന്നീ പ്രതിവാര പ്രോഗ്രാമുകളും റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുന്നു.കുട്ടികളുടെ കൂട്ടായ്മയും അധ്യാപകരും പി റ്റി എ നൽകുന്ന പിന്തുണയും റേഡിയോ ക്ലബ്ബിൻ്റെ പ്രവർത്തനത്തിന് സഹായകമാകുന്നു. സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ടീച്ചറും ഹെഡ്മിസ്ട്രസ്സ് ഷീജ ധരനും മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങൾ കുട്ടികളുമായി സംവദിച്ച് പ്രോഗ്രാമുകളാക്കി മാറ്റുകയാണ് അധ്യാപകനും സ്കൂൾ റേഡിയോ കോഓർഡിനേറ്ററു മായ കെ.രാജേന്ദ്രൻ.