തിരുവനന്തപുരം: ദുബായില്‍ നടക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര ടെക്-സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ജൈടെക്സ് ഗ്ലോബല്‍ 44-ാമത് പതിപ്പിനോടനുബന്ധിച്ച് നടന്ന ഇന്ത്യ സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ കേരളത്തിലെ ടെക് സ്റ്റാര്‍ട്ടപ്പുകളുടെ നൂതന പരിഹാരങ്ങളും ഉല്‍പ്പന്നങ്ങളും ശ്രദ്ധനേടി.
സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റുമായി സഹകരിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യന്‍ ടെക് സ്റ്റാര്‍ട്ടപ്പുകളും നിക്ഷേപകരും യുഎഇയിലെ മികച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റങ്ങളും പങ്കെടുത്തു. കേരളത്തിലെ ഐടി മേഖലയില്‍ നിന്നുള്ള എസ്എംഇ കമ്പനികളും യോഗത്തില്‍ പങ്കെടുത്തു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
ഇന്ത്യ സ്റ്റാര്‍ട്ടപ്പ് സംഗമത്തിന്‍റെ ഭാഗമായി പാനല്‍ ചര്‍ച്ചയും നടന്നു. ശിവരാജ രാമനാഥന്‍ (തമിഴ്നാട്), ഗാനിം അല്‍ ഫലാസി (ദുബായ് സിലിക്കണ്‍ ഒയാസിസ്), റികാന്ത് പിറ്റി (ഈസ് മൈസ് ട്രിപ്പ്), ശിവാംഗി ജെയിന്‍ (സ്റ്റാര്‍ട്ടപ്പ് ഇന്ത്യ), പ്രജീത് പ്രഭാകരന്‍ (ഐടി ഫെല്ലോ- ഹൈ പവര്‍ ഐടി കമ്മിറ്റി, കേരള സര്‍ക്കാര്‍) എന്നിവര്‍ ഇതില്‍ പങ്കെടുത്തു.
‘പവറിംഗ് ഇന്നൊവേഷന്‍’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സംസ്ഥാനത്തിന്‍റെ ഐടി ഇക്കോസിസ്റ്റത്തിന്‍റെ പ്രതിബദ്ധത ഉള്‍ക്കൊള്ളുന്ന 110 ചതുരശ്ര മീറ്റര്‍ കേരള പവലിയന്‍ ആണ് ജൈടെക്സ്-2024 നായി ഒരുക്കിയിട്ടുള്ളത്. സുസ്ഥിര വികസനത്തിനും സാമൂഹിക ഉന്നമനത്തിനുമായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന ആശയം പവലിയന്‍ മുന്നോട്ടുവയ്ക്കുന്നു. ലണ്ടന്‍ ആന്‍ഡ് പാര്‍ട്ണേഴ്സില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കേരള ഐടി പവലിയന്‍ സന്ദര്‍ശിക്കുകയും വിവിധ ടെക് മേഖലകളിലെ നിക്ഷേപത്തെക്കുറിച്ചും സാധ്യമായ സഹകരണത്തെക്കുറിച്ചും കേരളത്തില്‍ നിന്നുള്ള പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
ഒക്ടോബര്‍ 14 മുതല്‍ 18 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന ജൈടെക്സ് ഗ്ലോബല്‍ 2024 ലെ പ്രധാന പരിപാടിയായ ദുബായ് ഹാര്‍ബറിലെ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ എക്സ്പോയില്‍ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളും പങ്കെടുക്കുന്നുണ്ട്. കേരളത്തിന്‍റെ ഊര്‍ജ്ജസ്വലമായ ഐടി ഇക്കോസിസ്റ്റം പ്രദര്‍ശിപ്പിക്കുന്ന ജൈടെക്സിലേക്ക് പോകുന്നതിന് മുമ്പ് കമ്പനികള്‍ ദുബായിലെ കെഎസ് യുഎമ്മിന്‍റെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്‍ററില്‍ മുന്നൊരുക്ക സെഷന്‍ സംഘടിപ്പിച്ചിരുന്നു. 2016 മുതല്‍ ജൈടെക്സ് ഗ്ലോബലില്‍ കേരള ഐടിക്ക് സ്ഥിരം സാന്നിധ്യമുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ ഹൈപവര്‍ ഐടി കമ്മിറ്റിയെ പിന്തുണയ്ക്കുന്ന ഐടി ഫെലോമാരായ വിഷ്ണു വി നായരും പ്രജീത് പ്രഭാകരനും ജൈടെക്സില്‍ കേരള ഐടിയെ പ്രതിനിധീകരിക്കുന്നു.
ഡാറ്റ അനലിറ്റിക്സ്, സൈബര്‍ സുരക്ഷ, വെബ്സൈറ്റ് വികസനം, ഇആര്‍പി സൊല്യൂഷനുകള്‍, മൊബൈല്‍ ആപ്പ് ഡവലപ്മെന്‍റ്, ക്ലൗഡ് സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ സാങ്കേതിക മേഖലകളെ പ്രതിനിധാനം ചെയ്യുന്ന ഉത്പന്നങ്ങളും മാതൃകകളും കേരളത്തിലെ കമ്പനികള്‍ ജൈടെക്സില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
വ്യവസായ-അക്കാദമിക സഹകരണവും പൊതു-സ്വകാര്യ പങ്കാളിത്തവും ഉള്‍പ്പെടെ വികസനത്തിന്‍റെ നൂതന മാതൃകയാക്കി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇതിനൊപ്പം ഐടി ആവാസവ്യവസ്ഥയുടെ അഭിവൃദ്ധിയും ലക്ഷ്യമിടുന്നു. മൂന്ന് ഐടി പാര്‍ക്കുകളും (ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക്) ജിടെക്കിനൊപ്പം കേരള ഐടി ഇക്കോസിസ്റ്റത്തിലെ ഐടി/ഐടി ഇതര കമ്പനികളെ ജൈടെക്സില്‍ പ്രദര്‍ശിപ്പിക്കുന്നു.