പോത്തന്‍കോട് : ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ തൊണ്ണൂറ്റിമൂന്നാം ജന്മദിനത്തില്‍ കലാമിന് സ്മൃതിമണ്ഡപമൊരുക്കി ശാന്തിഗിരി. രാഷ്ട്രപതിയായിരിക്കെ കലാം ആശ്രമം സന്ദര്‍ശിച്ചപ്പോള്‍ പ്രസംഗിച്ച വേദിയാണ് സ്മൃതിമണ്ഡപമായി മാറിയത്. മണ്ഡപത്തില്‍ സ്ഥാപിച്ച കലാമിന്റെ പ്രതിമ ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ അനാശ്ഛാദനം ചെയ്തു.
ഋഷിവര്യനെപ്പോലെ ജീവിച്ച ഒരാളുടെ പ്രതിമ ഗുരുവിന്റെ ആദര്‍ശങ്ങളും ചൈതന്യവും നിറഞ്ഞു നില്‍ക്കുന്ന മണ്ണില്‍ സ്ഥാപിക്കുന്നത് മഹത്തരമാണ്. പ്രകൃതിയെയും മനുഷ്യനെയും പരസ്പരപൂരകമായി കണ്ട് ജീവിച്ച രാഷ്ട്രതന്ത്രജ്ഞനും ശാസ്ത്രജ്ഞനും വഴികാട്ടിയുമായിരുന്നു ഡോ.എ.പി.ജെ.അബ്ദുള്‍ കലാം.
അദ്ധേഹത്തിന് ഈ നാടുമായുളള ബന്ധം എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന നിലയില്‍ ഒരു സ്മൃതിമണ്ഡപം ഒരുക്കാന്‍ മുന്‍കൈയ്യെടൂത്ത ആശ്രമത്തിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അദ്ധ്യക്ഷനായി. ജലസ്രോതസ്സുകളെ പ്രയോജനപ്പെടുത്തിയതിന് ദേശീയ പുരസ്കാരം നേടിയ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷിനെ ചടങ്ങില്‍ ആദരിച്ചു. സബീര്‍ തീരുമല, ജോര്‍ജ് സെബാസ്റ്റ്യന്‍, ഷോഫി.കെ, പൂലന്തറ.റ്റി. മണികണ്ഠന്‍ നായര്‍, ആര്‍.സഹീറത്ത് ബീവി , കെ.കിരണ്‍ദാസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.