തിരുവനന്തപുരം:ശിശുപ്രകൃതത്തെ അംഗീകരിച്ചുകൊണ്ട് കുട്ടികളോടുള്ള വൈകാരികമായ അടുപ്പവും സ്‌നേഹവും പരിരക്ഷയും പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങളായിട്ടാണ് പ്രീസ്‌കൂളുകൾ പ്രവർത്തിക്കേണ്ടതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കോൾ കേരള – ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് പ്രീസ്കൂൾ മാനേജ്‌മെന്റ് കോഴ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആന്റ് ലൈഫ് ലോങ് എജ്യുക്കേഷൻ കേരളയുടെ നേതൃത്വത്തിൽ പ്രീസ്‌കൂൾ മേഖലയിൽ ശാസ്ത്രീയ പരിശീലനം നേടിയ ആയമാരെ വാർത്തെടുക്കുന്നതിനായാണ് ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് പ്രീസ്കൂൾ മാനേജ്‌മെന്റ് എന്ന പുതിയ കോഴ്സ് ആരംഭിക്കുന്നത്.
സംസ്ഥാന സർക്കാറിൻറെ നാലാം നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് ഈ കോഴ്‌സ് ആരംഭിക്കുന്നത്. ശൈശവകാല പരിചരണവും വികാസവും മുൻനിർത്തി ശാസ്ത്രീയമായ പ്രീസ്‌കൂൾ എന്ന സങ്കൽപ്പം യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നേതൃത്വം നൽകിവരികയാണ്. അതുകൊണ്ടുതന്നെ പ്രീസ്‌കൂൾ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും ശിശുവികാസത്തിന്റെയും പരിപാലനത്തിന്റെയും അടിസ്ഥാന ഘടകങ്ങളെക്കുറിച്ച് അറിവുള്ളവരാകണം.
സമൂഹത്തിലെ വിഭവങ്ങളെ കുട്ടികൾക്ക് വേണ്ടി ഏകോപിപ്പിക്കാനും കുട്ടികളുടെ അവകാശങ്ങളെ സ്‌നേഹത്തിന്റെ ഭാഷയിലൂടെ വ്യാഖ്യാനിക്കാനും അതിനനുസൃതമായി പെരുമാറുവാനും കഴിവുള്ളവരാകണം. സ്‌കൂൾ വിദ്യാഭ്യാസത്തിൻറെ അടിസ്ഥാന തലമായി പരിഗണിക്കുന്നത് 3 മുതൽ 6 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ പഠിക്കുന്ന പ്രീസ്‌കൂൾ / അങ്കണവാടികളെയാണ്. അധ്യാപികമാരും ആയമാരും ഉൾപ്പെടുന്ന ജീവനക്കാരാണ് പ്രീസ്‌കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
സവിശേഷമായ സേവന പൂർവ്വകാല പരിശീലനം ലഭിച്ച അധ്യാപികമാരാണ് പ്രീസ്‌കൂൾ സ്ഥാപനങ്ങളിൽ സേവനം നൽകുന്നത്. എന്നാൽ പ്രീസ്‌കൂൾ കുട്ടികളുടെ ആരോഗ്യ ശുചിത്വ കാര്യങ്ങൾ, പരിചരണം, സംരക്ഷണം, വികാസം എന്നിവയ്ക്കായി പൂർണസമയവും അധ്യാപകരോടൊപ്പം ചെലവിടുന്ന ആയമാർക്കായി ദേശീയ തലത്തിലും സംസ്ഥാനതലത്തിലും പ്രത്യേക സേവന പൂർവ്വകാല പരിശീലന സംവിധാനങ്ങൾ നിലവിലില്ല. സംസ്ഥാനത്തെ പ്രീസ്‌കൂൾ വിദ്യാഭ്യാസ മേഖല കൂടുതൽ സർഗ്ഗാത്മകമാകാൻ പരിശീലനം സിദ്ധിച്ച ആയമാരും അനിവാര്യമാണെന്ന് ഇത് സംബന്ധിച്ച പഠനങ്ങൾ നിർദ്ദേശിക്കുന്നു. ഇവയെല്ലാം പരിഗണിച്ചുകൊണ്ടാണ് ശിശു പരിപാലക തസ്തികയിൽ സേവനം നൽകുന്നതിനുള്ള അടിസ്ഥാന യോഗ്യത നിശ്ചയിച്ച് ഒരു പുതിയ ഡിപ്ലോമാ കോഴ്‌സ് സ്കോൾ-കേരളയുടെ നേതൃത്വത്തിൽ ആരംഭിക്കുന്നത്. പ്രീസ്‌കൂൾ ആയമാർക്ക് തൊഴിൽപരമായ ശേഷികളും ധാരണകളും മനോഭാവങ്ങളും വികസിപ്പിക്കുന്നതിനായി രൂപകല്പന ചെയ്യുന്ന ഈ കോഴ്‌സ് ഡിപ്ലോമാ ഇൻ ചൈൽഡ്കയർ ആൻറ് പ്രീസ്‌കൂൾ മാനേജ്‌മെന്റ് എന്ന് അറിയപ്പെടുന്നു.
കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന ഒരു വ്യക്തിക്ക് ശിശുപരിപാലക തസ്തികയിൽ സേവനം നൽകുന്നതിനുള്ള സമഗ്രമായ അനുഭവങ്ങൾ ഈ കോഴ്‌സിലൂടെ ലഭിക്കും. കുട്ടികളുടെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ടും അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകിയും അവരെ പരിചരിച്ചും ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയും സേവനം നൽകുന്നവരാണ് ആയമാർ. പ്രീസ്‌കൂൾ വിദ്യാഭ്യാസത്തിന് അനിവാര്യമായ മികച്ച സേവന ദാതാക്കളായ ശിശുപരിപാലകരെ രൂപപ്പെടുത്തുക എന്നത് പൊതുസമൂഹത്തിന്റെ ആവശ്യം കൂടിയാണ്. നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനാകെ മാതൃകയാണ്. അടിസ്ഥാന സൗകര്യവികസനത്തിലും അക്കാദമിക പ്രവർത്തനങ്ങളിലും നാം ഒന്നാം സ്ഥാനത്താണ്. സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണവും അതിനനുസൃതമായ പാഠപുസ്തകങ്ങളും കേരളം തയ്യാറാക്കിക്കഴിഞ്ഞു. ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ക്ലാസ്സ്‌റൂമുകളും കേരളത്തിൻറെ മാത്രം പ്രത്യേകതയാണ്. ഗുണമേൻമ ഉറപ്പാക്കി ദേശീയ, അന്തർദേശീയ തലത്തിലുള്ള പരീക്ഷകൾക്ക് വിദ്യാർഥികളെ പ്രാപ്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നാം ആരംഭിച്ചുകഴിഞ്ഞു.
സർക്കാർ ഏറ്റവുമധികം പ്രാമുഖ്യം നൽകുന്ന മേഖലയാണ് പ്രീസ്‌കൂൾ തലം. പൊതുവിദ്യാഭ്യാസവകുപ്പ് ഒട്ടേറെ കർമ്മ പദ്ധതികൾ ഇക്കാലയളവിൽ നടപ്പാക്കിയിട്ടുമുണ്ട്.
സമഗ്രശിക്ഷ കേരളം ഏറ്റെടുത്ത് നടപ്പാക്കുന്ന വർണ്ണക്കൂടാരം പദ്ധതിയും ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്. പ്രീസ്‌കൂൾ അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം എല്ലാ വർഷവും നൽകി വരുന്നുണ്ട്. ഈ രംഗത്ത് പ്രവർത്തിക്കുന്ന ആയമാർക്കും ശാസ്ത്രീയമായി പരിശീലനം ലഭ്യമാക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. സ്കോൾ-കേരള ആരംഭിക്കുന്ന പുതിയ കോഴ്‌സ് നിലവിൽ സേവനമനുഷ്ഠിക്കുന്ന ആയമാർക്കും ഈ രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്നതാണ്. ശിശുപരിപാലക മേഖല കൂടുതൽ കരുത്തുറ്റതാക്കാൻ എല്ലാവരും ഈ കോഴ്സ് പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നതായും മന്ത്രി പറഞ്ഞു.
മോഡ്യൂൾ, കൈപ്പുസ്തക പ്രകാശനം ചടങ്ങിൽ മന്ത്രി നിർവഹിച്ചു. ആൻറണി രാജു എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതമാശംസിച്ചു. സ്‌കോൾ-കേരള വൈസ് ചെയർമാൻ ഡോ. പി പ്രമോദ് പദ്ധതി വിശദീകരണം നടത്തി. വാർഡ് കൗൺസിലർ പാളയം രാജൻ, സമഗ്രശിക്ഷ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ എ. ആർ, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ.ആർ കെ ജയപ്രകാശ്,സാക്ഷരത മിഷൻ ഡയറക്ടർ എ ജി ഒലീന, എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ്, വിദ്യാകിരണം പദ്ധതി അസി. കോഡിനേറ്റർ ഡോ.സി രാമകൃഷ്ണൻ, സ്‌കോൾ-കേരള ഡയറക്ടർ അഞ്ജന എം.എസ്, സ്‌കോൾ-കേരള ഡയറക്ടർ ഹാന്റ ഡി. ആർ എന്നിവർ സംബന്ധിച്ചു.