തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളവും കർണ്ണാടകയും തമ്മിലുള്ള മത്സരത്തിൻ്റെ രണ്ടാം ദിവസവും വില്ലനായി മഴ. മഴയെ തുടർന്ന് 27 ഓവർ മാത്രമാണ് രണ്ടാം ദിവസം എറിയാനായത്. കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെന്ന നിലയിലാണ് കേരളം.
വിക്കറ്റ് പോകാതെ 88 റൺസെന്ന നിലയിലാണ് കേരളം രണ്ടാം ദിവസം കളി തുടങ്ങിയത്. എന്നാൽ തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. സ്കോർ 94ൽ നില്‍ക്കെ രോഹൻ കുന്നുമ്മലാണ് ആദ്യം മടങ്ങിയത്. പത്ത് ഫോറും ഒരു സിക്സുമടക്കം 63 റൺസാണ് രോഹൻ നേടിയത്. തൊട്ടടുത്ത ഓവറിൽ 31 റൺസെടുത്ത വത്സൽ ഗോവിന്ദും മടങ്ങി.
എന്നാൽ മൂന്നാം വിക്കറ്റിൽ ബാബ അപരാജിതും സച്ചിൻ ബേബിയും ചേർന്ന് 50 റൺസ് കൂട്ടിച്ചേർത്തു. 19 റൺസെടുത്ത ബാബ അപരാജിത് ശ്രേയസ് ഗോപാലിൻ്റെ പന്തിൽ പുറത്തായി. കളി നിർത്തുമ്പോൾ ക്യാപ്റ്റൻ സച്ചിൻ ബേബിയും സഞ്ജു സാംസനുമാണ് ക്രീസിൽ. സച്ചിൻ ബേബി 23 റൺസും സഞ്ജു 15 റൺസും എടുത്തിട്ടുണ്ട്. കർണ്ണാടകയ്ക്ക് വേണ്ടി കൌശിക്, വൈശാഖ്, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
സഞ്ജുവിന് പുറമെ കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന നിതീഷ് എം.ഡി, കെ എം ആസിഫ് എന്നിവരെയും ഉൾപ്പെടുത്തിയാണ് കേരളം കര്‍ണ്ണാടകയ്ക്കെതിരെ ഇറങ്ങിയിട്ടുള്ളത്. ആദ്യ മത്സരത്തിൽ കേരളം പഞ്ചാബിനെ എട്ട് വിക്കറ്റിന് തോല്പിച്ചിരുന്നു.