കഴക്കൂട്ടം:വരിക്ക് മുക്ക് ഇടവിളാകം – സിആർപിഎഫ് റോഡിൽ രണ്ടരവർഷമായി തുടരുന്ന യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മംഗലപുരം പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ശോചനീയവസ്ഥയിലായ റോഡിൽ വീണ് പരിക്കേറ്റ് കൈകാലുകൾക്ക് ഒടിവ് പറ്റിയവരയടക്കം വീൽചെയിറിൽ എത്തി പ്രതിഷേധ സമരത്തിന്റെ ഭാഗമായതും ശ്രദ്ധേയമായി. കുറക്കോട് റസ്റ്റിഡൻസൻസ് അസോസിഷൻ പ്രസിഡന്റ് ഹാഷിം ധർണ ഉദ്ഘാടനം ചെയ്തു. ആടും വേണ്ട കോഴിയും വേണ്ട പൊളിച്ച റോഡ് നന്നാക്കി കിട്ടിയാൽ മതി എന്ന മുദ്രവാക്യം മുഴക്കിയായിരുന്നു പ്രദേശവാസികൾ പഞ്ചായത്തിനെതിരെ പ്രതിഷേധമുയർത്തിയത്.
പ്രധാനമന്ത്രി സഡക്ക് യോജന പദ്ധതി പ്രകാരമുള്ള റോഡ് നവീകരണത്തിന്റെ പേരിൽ നിലവിലുണ്ടായിരുന്ന രണ്ടര കിലോമീറ്റേറോളം വരുന്ന നല്ല റോഡുകൾ കുത്തി പൊളിച്ച് മെറ്റലും പാകിയ ശേഷം കരാറുകാരൻ മുങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്. യഥാസമയം ടാറിങ് നടക്കാതെ വന്നതോടെ മെറ്റലിളകി ദിനംപ്രതി അപകടങ്ങളും പെരുകി.
അപകടത്തിൽ പരിക്കേറ്റ നിരവധിപേർ ഇപ്പോഴും ചികിത്സയിലുമാണ്. പദ്ധതി പ്രകാരമുള്ള റോഡ് കൊണ്ടുവന്ന ജനപ്രതിനി ധികളും അധികൃതരുമെല്ലാം ഇക്കാര്യത്തിൽ മൗനത്തിലായതോടെ സഹികെട്ട് പ്രദേശവാസികൾ കഴിഞ്ഞ ഞായറാഴ്‌ച ജനകീയ കൂട്ടായ്‌മ യോഗം ചേർന്ന് സമര പരിപാടി കൾക്ക് രൂപം നൽകി മംഗലപുരം പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയായിരുന്നു.
എസ്. സുചിന്ദ്രൻ, അഖിലേഷ്, ഹുസൈൻ, ശാന്തിലൽ രാജേന്ദ്രൻ, കൃഷ്ണ ഗോകുലം സന്തോഷ് കുമാർ തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി. ഈ റോഡിൽ വീണ് സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ് കഴിഞ്ഞ ഒരു വർഷമായി കിടപ്പിലായിരുന്ന അമ്പിളി സുന്ദരേശനും വീൽചെയറിൽ എത്തി ധർണയുടെ ഭാഗമാകുകയും പഞ്ചായത്ത് അധികൃതർക്ക് നിവേദനം സമർപ്പിക്കുകയും ചെയ്തു.