പോത്തൻകോട് : സാഹിത്യം ചര്‍ച്ച ചെയ്യാനും വിലയിരുത്തപ്പെടാനും ആത്മീയവേദിയില്‍ ഇടം ഒരുക്കിയ ശാന്തിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ വിസ്മയകരമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിളള. ശാന്തിഗിരിയിൽ “ഗുരുസാഗരത്തിന്റെ മുപ്പത്തിയേഴ് വർഷങ്ങൾ” എന്ന പേരില്‍ നടന്ന സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ഭാരതത്തില്‍ ആത്മീയതയും ഭൗതികതയും പരസ്പരം സമരസപ്പെട്ട് സമന്വയിച്ചാണ് മുന്നോട്ട് പോകുന്നത്. ഒ.വി.വിജയന്‍ എന്ന സാഹിത്യകാരനില്‍ പരിണാമം സൃഷ്ടിക്കാന്‍ തക്കവണ്ണം വ്യതിരക്തമായ ആത്മീയ ദര്‍ശനങ്ങളായിരുന്നു ശ്രീകരുണാകരഗുരുവിന്റേത്. നിരാശയും ക്ഷോഭവും വെടിഞ്ഞ് ഒ.വി.വിജയനെ ശാന്തതയിലേക്ക് എത്തിച്ച കൃതിയാണ് ഗുരുസാഗരമെന്നും ഗവേഷണവിദ്യാര്‍ത്ഥികള്‍ ഈ പരിണാമത്തെ പഠനവിഷയമാക്കണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ ഡോ. സാമുവൽ തിയോഫെലിസ് മെത്രപോലീത്ത ചടങ്ങിൽ മഹനീയ സാന്നിദ്ധ്യമായി. അതിര്‍വരമ്പുകള്‍ക്കപ്പുറം മനുഷ്യനെ മനുഷ്യനായി കണ്ട് സ്നേഹവും സന്തോഷവും പരോപകാരവും ഊട്ടിവളര്‍ത്തുക എന്ന വലിയ സന്ദേശമാണ് ശാന്തിഗിരി സമൂഹത്തിന് നല്‍കുന്നതെന്ന് അദ്ധേഹം പറഞ്ഞു.
ആശ്രമം പ്രസിഡൻ്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ബിഷപ്പ് മാത്യൂസ് മോര്‍ സില്‍വാനിയോസ്, മുന്‍ എം.പി. പന്ന്യന്‍ രവീന്ദ്രന്‍, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, ഭാരതീയ ജനത പാർട്ടി സംസ്ഥാന സെക്രട്ടറി ജെ.ആർ. പദ്മകുമാർ, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആർ.സഹീറത്ത് ബീവി, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ശാന്തിഗിരി ആശ്രമം അഡ്വൈസർമാരായ എ. ജയപ്രകാശ്, സബീർ തിരുമല, ബിജെപി ജില്ലാട്രഷറർ എം.ബാലമുരളി, ഒഡെപെക് ചെയര്‍മാന്‍ അഡ്വ. കെ.പി. അനില്‍കുമാര്‍, ശാന്തിഗിരി കമ്മ്യൂണിക്കേഷൻസ് അസോസിയേറ്റ് എഡിറ്റർ അനിൽ ചേർത്തല എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.