തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ച് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്.
എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെയും നടക്കും. പത്താംക്ലാസ് മൂല്യനിർണയ ക്യാംപുകൾ 2025 ഏപ്രിൽ എട്ടിന് ആരംഭിക്കും. 28-ന് അവസാനിക്കും. 2025 മെയ് മൂന്നാം വാരത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനം.
ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഹയർസെക്കൻഡറി മാർച്ച് 6 മുതൽ 29 വരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്. അതുപോലെ ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
25000 അധ്യാപകരെയാണ് പരീക്ഷ ഡ്യൂട്ടിക്കായി നിയോഗിക്കുക. എല്ലാ പരീക്ഷകളും ഉച്ചയ്ക്കു ശേഷമാകും നടക്കുകയെന്നും മന്ത്രി അറിയിച്ചു. 2024-ൽ നടന്ന ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയുടെ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകൾ നടത്തുന്നത് ഒന്നാംവർഷ ഹയർസെക്കൻഡറിക്കൊപ്പം അതേ ടൈംടേബിളിലായിരിക്കും.