മംഗലപുരം: ആരംഭത്തിലെ പാളിച്ചകളുമായി കണിയാപുരം സബ് ജില്ല കലോത്സവം. ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കാൻ ഏറെ വൈകി. വൈകുന്നേരം 5 മണിക്ക് നിശ്ചയിച്ചിരുന്ന ഉദ്ഘാടന സമ്മേളനം ആരംഭിച്ചത് 6:45 ന്. മാത്രമല്ല ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന എംഎൽഎ വി ശശി എത്തിയില്ല. എം എൽ എ എത്തില്ലെന്ന വിവരം നേരത്തെ സംഘാടകരെ അറിയിച്ചതും ഇല്ല.
കൂടാതെ സംഘാടക സമിതി ചെയർപേഴ്സൺ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. ഉദ്ഘാടനം വൈകിയതിൽ പ്രതിഷേധിച്ചാണ് സംഘാടക സമിതി ചെയർപേഴ്സണായ മംഗലപുരം പഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം ഇറങ്ങിപ്പോയത്.
സംഭവത്തിൽ പ്രതിഷേധവുമായി രക്ഷകർത്താക്കളും നാട്ടുകാരും രംഗത്തെത്തി. സംഘാടകരുടെ പിഴവാണ് ഉദ്ഘാടന സമ്മേളനം ആരംഭിക്കാൻ വൈകിയതെന്നാണ് ഇവർ പറയുന്നത്. മാത്രമല്ല ഉദ്ഘാടനത്തിന് മുൻപ് പ്രാദേശിക സംഘങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള രണ്ട് തിരുവാതിരയും, വിൽപാട്ടും നടത്തിയിരുന്നു. ഇതാണ് ഉദ്ഘാടനം ഏറെ വൈകാൻ കാരണമെന്നും കുട്ടികളെയും രക്ഷകർത്താക്കളെയും നോക്കുകുത്തികൾ ആക്കി കൊണ്ടുള്ള സംഘാടകസമിതിയുടെ തോന്നിയവാസമാണ് നടന്നതെന്നുമാണ് ഉദ്ഘാടനത്തിന് എത്തിയ അതിഥികളും രക്ഷിതാക്കളും പറയുന്നത്.
വൈകുന്നേരം ആയതിനാൽ ശക്തമായ മഴ മുന്നറിയിപ്പു ജില്ലയിൽ ഉണ്ടായിരുന്നു. അതിനാൽ തന്നെ ഉദ്ഘാടനത്തിന് മുന്നേ സംഘടിപ്പിച്ചിരുന്ന ഘോഷയാത്ര ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികളെയും കൂടെയുള്ളവരെയും ഏറെ ബുദ്ധിമുട്ടിച്ച് ഉദ്ഘാടനം വൈകിപ്പിച്ചത്.
തോന്നയ്ക്കൽ ഹയർ സെക്കൻ്ററി സ്കൂളിലാണ് ഇത്തവണത്തെ കലോത്സവം നടക്കുന്നത്. നാലു ദിവസങ്ങളിലായി 8 വേദികളിൽ നടക്കുന്ന മത്സരങ്ങളിൽ എൽപി, യു.പി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ തൊണ്ണൂറോളം സ്‌കൂളുകളിൽ നിന്നായി 5300 ഓളം കലാപ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും.