തിരുവനന്തപുരം: സ്വകാര്യ ബാങ്കിംഗ് മേഖലയിലെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് ‘ഏജന്‍റ് ‘ ആപ്പുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് ഇഗ്നോസി. ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷനു( എകെപിബിഎ) വേണ്ടി നിര്‍മ്മിച്ച മൊബൈല്‍ ആപ്പിലൂടെ ബാങ്കിംഗ് സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള സേവനങ്ങള്‍ ലഭ്യമാകും.
സ്വര്‍ണ്ണ നിരക്കിന്‍റെ തത്സമയ വിവരങ്ങള്‍, വ്യാജസ്വര്‍ണം തിരിച്ചറിയല്‍, ലോണ്‍ അറിയിപ്പുകള്‍, അംഗങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡയറക്ടറി, ആധാര്‍, പാന്‍, ഐഎഫ്എസ്സി കോഡുകള്‍ എന്നിവയ്ക്കുള്ള രേഖകളുടെ പരിശോധനാ സേവനങ്ങള്‍ തുടങ്ങിയവ ആപ്പിലൂടെ ലഭിക്കും.
എകെപിബിഎ യില്‍ അംഗത്വമുള്ള കളക്ഷന്‍ ഏജന്‍റുമാര്‍ക്കും ഉപഭോക്തൃ അക്കൗണ്ട് മാനേജ്മെന്‍റിനുമുള്ള ഓള്‍-ഇന്‍-വണ്‍ സാസ് പ്ലാറ്റ് ഫോം ഉപയോഗിച്ചുള്ള മൊബൈല്‍ ആപ്ലിക്കേഷനാണിത്. സാമ്പത്തികമേഖലയില്‍ നൂതനാശയങ്ങള്‍ കൊണ്ടുവരാനും കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ആപ്പ് സഹായകമാകും.
വ്യവസായിക-ബാങ്കിംഗ് മേഖലയെ കേന്ദ്രീകരിച്ച് ബാങ്കിംഗ് സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്ന പ്രമുഖ സ്റ്റാര്‍ട്ടപ്പാണ് ഇഗ്നോസി. കോര്‍ ബാങ്കിംഗ് സംവിധാനത്തിലൂടെ എന്‍ബിഎഫ്സികള്‍, ചെറുകിട ബാങ്കുകള്‍, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, ക്രെഡിറ്റ് ലെന്‍ഡിംഗ് ഓര്‍ഗനൈസേഷനുകള്‍ തുടങ്ങിയവയുടെ സാമ്പത്തിക മാനേജ്മെന്‍റ് കാര്യക്ഷമമാക്കുന്നതിനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഇഗ്നോസിയുടെ സേവനം ലഭ്യമാകും.
അത്യാധുനിക സാങ്കേതികവിദ്യ, മികച്ച ഉപയോക്തൃ അനുഭവങ്ങള്‍ എന്നിവയിലൂടെ ബാങ്കിംഗ് സ്ഥാപനങ്ങളുടെ സാമ്പത്തിക മാനേജ്മെന്‍റില്‍ വിപ്ലവം സൃഷ്ടിക്കുക എന്നതാണ് ഇഗ്നോസിയുടെ കാഴ്ചപ്പാടെന്ന് ഇഗ്നോസി സ്ഥാപകനും സിഇഒ യുമായ രാജേഷ് ശ്രീകണ്ഠന്‍, സിഒഒ അനീഷ് വാസുദേവന്‍, സിടിഒ വിപിന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.
സ്വകാര്യ ബാങ്കിംഗ് സ്ഥാപനങ്ങളിലേക്കെത്തുന്ന ഉപഭോക്താക്കള്‍ക്കാവശ്യമായ സേവനങ്ങള്‍ നല്കുന്നതിനും കേരളത്തിലെ സ്വകാര്യ ബാങ്കുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും പുതിയ ആപ്പിലൂടെ സാധിക്കും. വ്യാജസ്വര്‍ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തടയുന്നതിനുള്ള സംവിധാനം, ഡിജിറ്റൈസ്ഡ് എന്‍പിഎ സ്വര്‍ണ്ണ ലേലപ്രക്രിയകള്‍, ഏകീകൃത സ്വര്‍ണവായ്പാ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇഗ്നോസിയുടെ ഭാവി പദ്ധതികളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.