കൊച്ചി: ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍( ഐ.എസ്.ഡി.സി), യുകെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സ്( ഐഒഎ) എന്നിവയുടെ സഹകരണത്തോടെ കുസാറ്റില്‍ അനലിറ്റിക്‌സ് ഉച്ചകോടി സംഘടിപ്പിച്ചു. കുസാറ്റിലെ വിവിധ കോഴ്‌സുകള്‍ക്ക് ലഭിച്ച ഐഒഎയുടെ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈമാറുന്നതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഉച്ചകോടി കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. ഐഒഎയുടെ അക്രഡിറ്റേഷന്‍ സര്‍വകലാശാലയെ കൂടുതല്‍ ശ്രദ്ധേയമാക്കുകയും നൈപുണ്യ വികസന പരിശീലനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ചടങ്ങില്‍ കുസാറ്റിലെ അഞ്ച് വകുപ്പുകളിലെ എട്ട് പ്രോഗ്രാമുകള്‍ക്ക് ഐഒഎയുടെ അംഗീകാരം ലഭിച്ചതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഡോ.സക്കറിയ കെ.എ, ഡോ.ദലീഷ എം.വിശ്വനാഥന്‍, ഡോ.സുദീപ് എളയിടം, ഡോ.ജൂഡി എം.വി, ഡോ.വിനു വര്‍ഗീസ്, പ്രമോദ് പവിത്രന്‍ എന്നിവര്‍ക്ക് കൈമാറി. ഐഒഎ, ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ഐഎസ്ഡിസി), കുസാറ്റ് എന്നിവ അടുത്തിടെ ഒപ്പിട്ട ധാരണാപത്രത്തിന്റെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
അതിവേഗ ഡിജിറ്റല്‍ വിപ്ലവം ജീവിതത്തിന്റെയും പഠനത്തിന്റെയും എല്ലാ മേഖലകളെയും സ്വാധീനിക്കുമെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത ക്ലെയര്‍ ഹോഗ്സണ്‍ അഭിപ്രായപ്പെട്ടു. ‘ബിസിനസ്സ്, സാങ്കേതിക ഭാഷകളില്‍ വിദഗ്ധരായ പ്രൊഫഷണലുകളെയാണ് ഭാവിയില്‍ ആവശ്യം. 2030 ആകുമ്പോഴേക്കും ആഗോള തൊഴില്‍മേഖലയുടെ 94 ശതമാനവും നൈപുണ്യപരിശീലനം നേടിയേ തീരൂ എന്ന സാഹചര്യമാണ് നിലവിലുള്ളത്. മള്‍ട്ടിഡിസിപ്ലിനറി പ്രൊഫഷണലുകളുടെ വൈദഗ്ധ്യം എന്നത് സര്‍ഗ്ഗാത്മകത, പ്രശ്‌നപരിഹാരം, ഡാറ്റ അനലിറ്റിക്സ് എന്നിവയുടെ സങ്കരമായിരിക്കുമെന്നും ക്ലെയര്‍ ഹോഡ്ഗ്‌സണ്‍ പറഞ്ഞു.
ഉച്ചകോടിയുടെ ഭാഗമായി നടന്ന പാനല്‍ ചര്‍ച്ചയില്‍ ക്ലെയര്‍ ഹോഗ്സണ്‍, ഐ.എസ്.ഡി.സി അനലറ്റിക്‌സ് വിഭാഗം മേധാവി ഡോ. ശീതള്‍ മഹേന്ദര്‍, ഫെഡറല്‍g ബാങ്ക് അനലറ്റിക്‌സ് വിഭാഗം മേധാവി ലിബി മാത്യു, ഡോ. സാം തോമസ് എന്നിവര്‍ പങ്കെടുത്തു. അനലിറ്റിക്‌സ് മേഖലയിലെ തൊഴില്‍ സാധ്യതയും ആഗോള തലത്തില്‍ വിദഗ്ദ്ധര്‍ക്കുള്ള ഡിമാന്‍ഡിനെ കുറിച്ചും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സംസാരിച്ചു.
ഐഒഎ ഗ്ലോബല്‍ മെമ്പര്‍ഷിപ്പ് മാനേജര്‍ ക്ലെയര്‍ ഹോഗ്സണ്‍, രജിസ്ട്രാര്‍ ഡോ. അരുണ്‍ എ യു, ഐക്യുഎസി ഡയറക്ടര്‍ ഡോ.സാം തോമസ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡയറക്ടര്‍ ഡോ.ഹരീഷ് എന്‍. രാമനാഥന്‍,ഐഎസ്ഡിസി സോണല്‍ ഹെഡ് ജിഷ, റീജിയണല്‍ ഹെഡ് ശരത്, റീജിയണല്‍ മാനേജര്‍ അര്‍ജുന്‍ രാജ് എന്നിവര്‍ പങ്കെടുത്തു.