ഗാന്ധിനഗര്‍: ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി സമൂഹത്തിനായി നടത്തുന്ന ഭാരതയാത്ര ഇന്‍ക്ലൂസീവ് ഇന്ത്യയ്ക്ക് ജമ്മുവില്‍ വന്‍ വരവേല്‍പ്പ്. ജമ്മു സി.ആര്‍.സിയുടെ (Composite Regional Centre for Skill Development, Rehabilitation & Empowerment of Persons with Disabilities) നേതൃത്വത്തില്‍ ജമ്മു എസ്.എം.ജി.എസ് ഹോസ്പിറ്റലില്‍ നടന്ന ബോധവത്കരണ പരിപാടിക്ക് സാക്ഷ്യം വഹിക്കാന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍, ഗവേഷകര്‍, ഭിന്നശേഷി മേഖലയിലെ നിരവധി പ്രമുഖര്‍ എന്നിവരെത്തിയിരുന്നു. തിങ്ങി നിറഞ്ഞ സദസ്സിന് മുമ്പില്‍ ഭിന്നശേഷി സമൂഹത്തിന്റെ പുരോഗമനത്തിന് സമൂഹം പാലിക്കേണ്ട ഉത്തരവാദിത്വങ്ങളും കടമകളും മുതുകാട് ഇന്ദ്രജാലത്തിലൂടെ അവതരിപ്പിച്ച് കൈയടി നേടി. ചടങ്ങ് ജമ്മു കമ്മീഷണര്‍ സെക്രട്ടറി ഷീതള്‍ നന്ദ, സി.ആര്‍.സി ഡയറക്ടര്‍ ഡോ.റോഹ്നിക ശര്‍മ എന്നിവര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷി മേഖലയ്ക്കായി സമൂഹം കൈക്കൊള്ളേണ്ട നിലപാടുകള്‍ ഇന്ദ്രജാലത്തിലൂടെ മുതുകാട് അവതരിപ്പിച്ചത് കൂടുതല്‍ സ്വീകാര്യമായി എന്നും ഈ സന്ദേശം സമൂഹം ഗൗരവതരമായി ഏറ്റെടുക്കണമെന്നും ഷീതള്‍ നന്ദ അഭിപ്രായപ്പെട്ടു. സന്ദേശം ഭാരതമാകെ പ്രചരിപ്പിക്കുവാന്‍ മുതുകാട് റോഡ് മാര്‍ഗം സഞ്ചരിച്ച പ്രയത്‌നത്തെ അവര്‍ പ്രശംസിച്ചു. സി.ആര്‍.സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നവീന്‍ ഗുപ്ത പങ്കെടുത്തു. തുടര്‍ന്ന് സി.ആര്‍.സിയിലെ കാഴ്ചപരിമിതരുടെ വിവിധ കലാപ്രകടനങ്ങളും അരങ്ങേറി.
സെപ്റ്റംബര്‍ 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക കൈമാറിയതോടെയാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ലക്ഷദ്വീപിലും ഇന്ത്യയുടെ തെക്ക് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നാല്‍പ്പതോളം വേദികളിലും ബോധവത്കരണ പരിപാടി അവതരിപ്പിച്ചു കഴിഞ്ഞു. ജമ്മുവില്‍ നിന്നും തുടരുന്ന യാത്ര പടിഞ്ഞാറന്‍-മദ്ധ്യ മേഖല കൂടി പൂര്‍ത്തിയാക്കി ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ 3ന് ഡെല്‍ഹി ഡോ.അംബേദ്കര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഗ്രാന്റ് ഫിനാലയോടെ സമാപിക്കും.
വിവിധ സംസ്ഥാനങ്ങളിലെ ഡി.ഇ.പി.ഡബ്ലിയു.ഡിയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ആര്‍മി കേന്ദ്രങ്ങള്‍, ഐ.ഐ.ടികള്‍, സര്‍വകലാശാലകള്‍, സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് കീഴിലുള്ള ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവിടങ്ങളില്‍ അരങ്ങേറിയ പരിപാടിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഡി.ഇ.പി.ഡബ്ലിയു.ഡിയുടെ സഹകരണത്തോടെയാണ് യാത്ര നടത്തുന്നത്.
വാച്ച് യുവര്‍ വാച്ച് എന്ന തീമാറ്റിക് ഇന്ദ്രജാല ബോധവത്കരണ പരിപാടിയില്‍ ഭിന്നശേഷി മേഖലയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുക, മറ്റുള്ളവരെ പോലെ അവര്‍ക്കും തുല്യനീതി ഉറപ്പാക്കുക, ഭിന്നശേഷിക്കാരോടുള്ള സമീപനത്തില്‍ പുരോഗമനപരമായ മാറ്റം കൊണ്ടുവരിക തുടങ്ങിയ നിരവധി ഘടകങ്ങളാണ് പ്രചാരണ വിഷയമാക്കുന്നത്.
ഭാരതത്തിന്റെ വിഘടനവാദത്തിനും വര്‍ഗീയതയ്ക്കുമെതിരെയും ഗാന്ധി സന്ദേശങ്ങളുടെ പ്രചാരണാര്‍ത്ഥവുമായി നടത്തിയ 4 ഭാരതയാത്രകള്‍ക്കുശേഷമാണ് 14 വര്‍ഷങ്ങള്‍ക്കുശേഷം ഗോപിനാഥ് മുതുകാട് ഭിന്നശേഷിക്കാര്‍ക്കായി ഇന്‍ക്ലൂസീസ് ഇന്ത്യ എന്ന പേരില്‍ അഞ്ചാമത്തെ ഭാരതയാത്ര നടത്തുന്നത്.