തിരുവനന്തപുരം: ഭാവിയിലെ വെല്ലുവിളികള്‍ക്കും ബിസിനസിലെ അവസരങ്ങള്‍ക്കുമായി സ്ഥാപനങ്ങളെ ഒരുക്കുന്നതില്‍ നേതൃത്വ ശേഷിയുള്ളവരുടെ പങ്കിനെക്കുറിച്ച് ചര്‍ച്ചചെയ്ത് ടെക്നോപാര്‍ക്കിലെ എച്ച്ആര്‍ കമ്മ്യൂണിറ്റി ഫോറമായ എച്ച്ആര്‍ ഇവോള്‍വ് ‘എലിവേറ്റ്’ 24 ഏകദിന സമ്മേളനം സംഘടിപ്പിച്ചു.
‘ഭാവി രൂപപ്പെടുത്തല്‍: ചടുലത, നൂതനത്വം, ഉദ്ദേശ്യം എന്നിവയിലൂടെ നയിക്കുക’ എന്നതായിരുന്നു പരിപാടിയുടെ പ്രമേയം. ഇത് അടിസ്ഥാനമാക്കി സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നേതൃപാടവമുള്ളവരെ മുന്‍നിരയില്‍ നിര്‍ത്തുക എന്നതാണ് പരിപാടി ലക്ഷ്യമിടുന്നത്. ടെക്നോപാര്‍ക്കിലെ മാനവ വിഭവശേഷിയുടെ ഭാവി പുനര്‍നിര്‍മ്മിക്കുന്നതിനായുള്ള എച്ച്ആര്‍ പ്രൊഫഷണലുകളുടെ ഫോറമാണ് എച്ച്ആര്‍ ഇവോള്‍വ്. ജിടെക്, എംയുലേണ്‍ എന്നിവയുടെ കീഴിലാണിത്.
കമ്പനികളുടെ ഹ്യൂമന്‍ റിസോഴ്സ് (എച്ച്ആര്‍) വിഭാഗം മികച്ച പ്രവര്‍ത്തനരീതികള്‍ പങ്കുവെക്കുന്നതും ജീവനക്കാരെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നതും ഭാവിയിലെ നേതൃനിര വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. നിയമന പ്രക്രിയയിലൂടെ ഒരു ജീവനക്കാരനെ റിക്രൂട്ട് ചെയ്യുക മാത്രമല്ല, നേതൃപാടവമുള്ള ഒരാളെ വളര്‍ത്തുക കൂടിയാണ്. ആശയങ്ങള്‍ പങ്കിടുകയും സഹകരണം സാധ്യമാകുകയും ചെയ്യുമ്പോഴാണ് നല്ല തൊഴില്‍ സംസ്കാരമുണ്ടാകുന്നത്. നിയമനം നടത്തുമ്പോള്‍ യുവാക്കളുടെ മനസ്സ് അറിയണമെന്നത് പ്രധാനമാണ്. കോവിഡ് -19 കാരണം അവര്‍ക്ക് രണ്ട് വര്‍ഷം നഷ്ടമായി. അവരെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനികള്‍ നല്ല എച്ച്ആര്‍ സമ്പ്രദായങ്ങള്‍ പങ്കുവെക്കുന്നതിലൂടെ മികച്ച തൊഴിലിടമായി ടെക്നോപാര്‍ക്ക് അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ച ആശയവിനിമയം, പരിശീലനം, വൈദഗ്ധ്യം എന്നിവയിലൂടെ തൊഴിലിട സംസ്കാരം സൃഷ്ടിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സിഇഒ അനൂപ് അംബിക പറഞ്ഞു. ഒരു കമ്പനിയുടെ വളര്‍ച്ചയില്‍ എച്ച്ആര്‍ മാനേജര്‍മാര്‍ വലിയ സംഭാവന ചെയ്യുന്നുണ്ട്. സ്ഥാപനത്തിന്‍റെ സുതാര്യത ഇപ്പോള്‍ പ്രധാന ഘടകമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റ എല്‍ക്സി സെന്‍റര്‍ ഹെഡ്ഡും ജിടെക് സെക്രട്ടറിയുമായ ശ്രീകുമാര്‍ വി., എച്ച്ആര്‍ ഇവോള്‍വ് അംഗം ദീപ നായര്‍ എന്നിവര്‍ ടെക്നോപാര്‍ക്കിലെ പാര്‍ക്ക് സെന്‍ററില്‍ നടന്ന കോണ്‍ക്ലേവിന്‍റെ ഉദ്ഘാടന സെഷനില്‍ പങ്കെടുത്തു. ഫയ എംഡി ദീപു എസ് നാഥ് ഓണ്‍ലൈനില്‍ പരിപാടിയെ അഭിസംബോധന ചെയ്തു.
ഉദ്ഘാടന സെഷനുശേഷം, കോര്‍സ്റ്റാക്ക് സിപിഒയും ഇന്‍ഡിഗോ, ആമസോണ്‍ ഏഷ്യ-പസഫിക് ആന്‍ഡ് എംഇ, ജിഇ ഇന്ത്യ മുന്‍ എച്ച്ആര്‍ ലീഡറുമായ രാജ് രാഘവന്‍ മുഖ്യപ്രഭാഷണം നടത്തി.
ഫൈനല്‍മൈല്‍ കണ്‍സള്‍ട്ടിംഗ് ചീഫ് ഇവാഞ്ചലിസ്റ്റും ഫ്രാക്റ്റല്‍ അനലിറ്റിക്സും ചെയര്‍മാനുമായ ബിജു ഡൊമിനിക്, മാജിക് ഓഫ് ചേഞ്ച് സ്ഥാപകനും ചീഫ് മെന്‍ററുമായ മാജിക്കല്‍ റാഫി, എപിഎസി, എസ്എച്ച്ആര്‍എം സൗത്ത് ആന്‍ഡ് അഡ്വൈസറി സര്‍വീസസ് സീനിയര്‍ ഡയറക്ടര്‍ ദിദീപ്യ അജിത് ജോണ്‍, വോള്‍വോ ഇന്ത്യയിലെ എച്ച്ആര്‍ ലീഡര്‍ അരവിന്ദ് വാര്യര്‍, ലീഡര്‍ഷിപ്പ് എക്സ്പീരിയന്‍സ് സ്ഥാപകനായ പ്രതാപ് ജി എന്നിവര്‍ കോണ്‍ക്ലേവിലെ മറ്റ് പ്രമുഖ പ്രഭാഷകരായിരുന്നു.
പാനല്‍ സെഷനില്‍ സഫിന്‍ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസര്‍ എം.എസ്. സുജ ചാണ്ടി, യുഎസ്ടി ടെക്നോളജി ആന്‍ഡ് സര്‍വീസസ് മേധാവി വര്‍ഗീസ് ചെറിയാന്‍, ഇന്‍ഫോസിസില്‍ നിന്നുള്ള ലിയോണ്‍സ് എബ്രഹാം എന്നിവര്‍ പങ്കെടുത്തു. ഡിസിഎസ്എംഎടി ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് മോഡറേറ്ററായി.
എച്ച്ആര്‍ ഇവോള്‍വ് കമ്മ്യൂണിറ്റി എല്ലാ മൂന്നാമത്തെ വ്യാഴാഴ്ചയുമാണ് ടെക്നോപാര്‍ക്കിലെ പാര്‍ക്ക് സെന്‍ററില്‍ ചേരുന്നത്. ഏറ്റവും പുതിയ വ്യവസായ പ്രവണതകളെക്കുറിച്ചുള്ള ആശയങ്ങളും ഉള്‍ക്കാഴ്ചകളും കൈമാറാന്‍ ഈ പ്ലാറ്റ് ഫോം അംഗങ്ങള്‍ക്ക് അവസരമൊരുക്കുന്നു.