ഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ 75ാം വാര്‍ഷിക ആഘോഷങ്ങൾക്ക് തുടക്കമായി. വാർഷികത്തിന്റെ സ്മാരക നാണയവും സ്റ്റാമ്പും രാഷ്ട്രപതി ദ്രൗപതി മുര്‍മു പുറത്തിറക്കി. അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളിലായിരുന്നു ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായത്.
രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണ് ഭരണഘടന. ഭരണഘടന സാമൂഹിക രാഷട്രീയ മേഖലകളുടെ ആധാരശിലയാണെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭാ കക്ഷി നേതാവ് രാഹുല്‍ഗാന്ധി എന്നിവര്‍ പങ്കെടുത്തു.
വനിത സംവരണ ബിൽ, ജി എസ് ടി തുടങ്ങിയ ഭരണനേട്ടങ്ങളും രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ പരാമര്‍ശിച്ചു. രാജ്യത്തിനിത് അഭിമാന നിമിഷമാണെന്നാണ് ലോക്സഭ സ്പീക്കര്‍ പറഞ്ഞത്. വൈകുന്നേരം നാല് മണിക്ക് സുപ്രീംകോടതിയില്‍ നടക്കുന്ന ഭരണഘടന ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും.