തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ പ്രധാനപ്പെട്ട വാർഡുകളിൽ ഒന്നായ മാണിക്യംവിളാകം വാർഡ് നിലവിൽ വാർഡ് പുനർനിർണയത്തിലൂടെ ഇല്ലാതായിരിക്കുകയാണ്. എൽ ഡി എഫിലെ പ്രധാന ഘടകകക്ഷിയായ ഐ എൻ എൽ ന്റെ സിറ്റിംഗ് സീറ്റും വലിയഭൂരിപക്ഷത്തിൽ കഴിഞ്ഞ രണ്ടു പ്രാവശ്യം വിജയിച്ചു വന്നിരുന്ന മാണിക്യംവിളാകം വാർഡ് ന്യൂനപക്ഷ വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്.
വർഷങ്ങളായി വിവിധ ഘട്ടങ്ങളിൽ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ന്യൂനപക്ഷ പിന്നോക്കമേഖലകളിൽ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയാതെയുണ്ട്. നിലവിലുള്ള വാർഡ് ഇല്ലാതാകുന്നതോടെ തുടക്കമിട്ട പല പദ്ധതികളും അവതാളതിലാകും.
മതപരമായും സാമൂഹിക സാംസ്‌കാരികമായും വളരെ വലിയ പ്രത്യേകതകളും മികച്ച സൗഹാർദ അന്തരീക്ഷവുമുള്ള മാണിക്യംവിളാകം വാർഡ് കോർപ്പറേഷനിൽ നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും അതിനാൽതന്നെ മാണിക്യംവിളാകം വാർഡ് പുനസ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിപിഎം, സിപിഐ നേതൃത്വത്തിനും വകുപ്പ് മന്ത്രിക്കും മേയർക്കും ബന്ധപ്പെട്ട മറ്റു അധികാരികൾക്കും നിവേദനം നൽകുമെന്നും ഐ എൻ എൽ നേതാക്കൾ പറഞ്ഞു.
ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ്, ജില്ലാ വർക്കിങ് പ്രസിഡന്റ് എം ബഷറുള്ള, ജില്ലാ ജനറൽ സെക്രട്ടറി സബീർ തൊളിക്കുഴി,ബുഹാരി മാന്നാനി ഹിദായത്ത് ബീമാപ്പള്ളി, നസീർ തോളിക്കോട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നേതാക്കളെ സന്ദർശിച്ചത്.