കഴക്കൂട്ടം: മംഗലപുരത്ത് ഇരുമ്പ് കമ്പിയും നിർമ്മാണ സാമഗ്രികളും മോർഷ്ടിച്ച കമ്പനി തൊഴിലാളികൾ പിടിയിൽ. നിർമ്മാണ സ്ഥലത്ത് നിന്നാണ് ഇവർ ടൺ കണക്കിന് നിർമ്മാണ സാമഗ്രികൾ കവർന്നത്. കമ്പനിയിലെ തൊഴിലാളിയായ കോൽക്കത്ത സ്വദേശി തപസ് സർദാർ (29) മുരുക്കുംപുഴ സ്വദേശിയായ ലോറി ഡ്രൈവർ രാധാകൃഷ്ണൻ (57) എന്നിവരാണ് പിടിയിലായത്. മംഗലപുരം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഡിജിറ്റൽ യൂണിവേഴ്സിറ്റി കാമ്പസിൽ പണി നടക്കവേയാണ് സംഭവം. നിർമ്മാണം നടക്കുന്ന സൈറ്റിൽ സൂക്ഷിച്ചിരുന്ന പത്ത് ടണ്ണിലധികം ഭാരം വരുന്ന ഇരുമ്പ് കമ്പികളും മുപ്പതോളം അഡ്ജസ്റ്റബിൾ സ്പാനുകളും അമ്പതോളം ജാക്കിയും, ഇരുപതോളം ഷട്ടറിങ് ഷീറ്റുകളുമാണ് ഇവർ ഇവിടെ നിന്ന് കടത്തിയത്. ഇവിടെ നിന്ന് മോഷ്ടിച്ച സാധനങ്ങൾ ആക്രികടയിലാണ് വിട്ടത്. പലപ്പോഴായിട്ടാണ് ഇവർ സാധനങ്ങൾ കടത്തിയത്.
25 ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് ഇവർ കവർന്നത്. പലപ്പോഴായി ടൺ കണക്കിന് സാധനങ്ങൾ നഷ്ടപ്പെട്ടെന്ന് കാട്ടി കമ്പനി മംഗലപുരം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെളുപ്പിന് ക്രെയിൻ ഉപയോഗിച്ച് കമ്പികൾ ലോറിയിൽ കയറ്റി കൊണ്ടു പോകുന്നത് സിസിടിവി യിൽ കണ്ടെത്തി. തുടർന്ന് പോലീസ് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.