കൊച്ചി: കൊച്ചിയിൽ രണ്ടിടത്ത് വൻ തീപിടിത്തം. നെടുമ്പാശേരിയിൽ ഹോട്ടലിലും എറണാകുളം സൗത്തിലെ ആക്രി ഗോഡൗണിലുമാണ് തീപിടുത്തമുണ്ടായത്. ഇന്നലെ അർദ്ധ രാത്രിയോടെയാണ് രണ്ടു അപകടങ്ങളും ഉണ്ടായത്.
നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിലെ പാർക്കിംഗ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ആപ്പിൾ റസിഡൻസിയിലാണ് സംഭവം നടന്നത്. കാർ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടുത്തത്തിൽ ഒരു കാർ പൂർണമായും 3 കാറുകളും 5 ബൈക്കുകളും ഭാഗികമായും കത്തിനശിച്ചു. അപകടത്തിൽ ആളപായമില്ല.
പുലർച്ചെ 2.30 ഓടെയാണ് എറണാകുളം സൗത്തിൽ ആക്രി ഗോഡൗണിൽ തീപിടുത്തമുണ്ടയത്. തീ പിടുത്തമുണ്ടായ സമയം ഒൻപത് തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവരെ ഉടൻ തന്നെ രക്ഷപ്പെടുത്തി. സംഭവത്തെ തുടർന്ന് മുക്കാൽ മണിക്കൂറോളം ട്രെയിൻ ഗതാഗതം നിർത്തിവച്ചു. നാല് മണിക്കൂർ എടുത്താണ് ഗോഡൗണിലെ തീ അണച്ചത്.
സിനിമാ നിർമാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിനാണ് തീ പിടിച്ചത്. രണ്ടു സ്ഥലങ്ങളിലും തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.