
കഴക്കൂട്ടം : കഴക്കൂട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎ പൊതുയോഗം അലസി പിരിഞ്ഞു. വിവാദരായ അധ്യാപകരെ പിടിഎ കമ്മറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെ പി ടി എ പൊതുയോഗത്തിൽ രക്ഷകർത്താക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് യോഗം പിരിഞ്ഞത്.
മാസങ്ങളിൽ മുൻപ് സ്കൂളിലെ വിദ്യാർത്ഥിയെ ഹെഡ്മിസ്ട്രസ് മാനസികമായി പീഡിപ്പിച്ചു എന്ന് കാണിച്ച് രക്ഷകർത്താവ് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണ്. ഇതിനിടയിൽ സ്കൂളിലെ തന്നെ ഒരു യുപി അധ്യാപകൻ സോഷ്യൽ മീഡിയയിൽ ലൈവായി വന്ന് സ്കൂളിനെയും മറ്റും പരമാർശിച്ച് കൊണ്ട് ലൈവ് ചെയ്തിരുന്നു. എന്നാൽ ഇയാൾ മദ്യപിച്ചു കൊണ്ടാണ് ലൈവ് ചെയ്തതെന്നാണ് ആരോപിക്കുന്നത്. ഈ വിവാദങ്ങൾ നടക്കുന്നതിനിടെ സ്കൂളിലെ എസ് പി സി വിദ്യാർത്ഥികളാണ് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതെന്ന് സ്കൂളിൽ തന്നെ മറ്റൊരു അധ്യാപിക പറഞ്ഞതായി എസ്പിസി വിദ്യാർത്ഥിയുടെ രക്ഷകർത്താവ് ആരോപിച്ചു.
ഈ രണ്ട് അധ്യാപകരെ പിടിഎ കമ്മറ്റിയിൽ ഉൾപ്പെടുത്തിയതിന് ആണ് രക്ഷകർത്താക്കൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. സാമൂഹ്യ മാധ്യമത്തിൽ ലൈവ് ആയി സ്കൂളിന് തന്നെ കളങ്കം വരുത്തി വീഡിയോ പോസ്റ്റ് ചെയ്ത അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പ് യാതൊരു നടപടിയും എടുക്കാത്തതിൽ രക്ഷകർത്താക്കൾ ശക്തമായി യോഗത്തിൽ പ്രതിഷേധിച്ചു.
കൂടാതെ പരാതിക്കാരിയായ കുട്ടിയുടെ മാതാവിനെ വ്യാജ നമ്പറിൽ വിളിച്ച് അനാവശ്യം പറഞ്ഞ ഒരു പി ടി എ അംഗത്തിനെതിരെയും കുട്ടിയുടെ മാതാവ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഓഗസ്റ്റ് മാസത്തിൽ വിളിക്കേണ്ടിയിരുന്ന പിടിഎ പൊതുയോഗം പല കാരണങ്ങളാൽ വൈകിയതിനെ തുടർന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിളിച്ചു കൂട്ടിയത്. 1500 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിലെ പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷകർത്താക്കളുടെ എണ്ണം 200ന് താഴെ ആയിരുന്നു. എല്ലാ രക്ഷകർത്താക്കളെയും ഉൾപ്പെടുത്തിക്കൊണ്ട് വീണ്ടും അടിയന്തരമായി പൊതുയോഗം വിളിച്ചു കൂട്ടി പിടിഎ കമ്മറ്റി തിരഞ്ഞെടുപ്പ് നടത്തുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു .


